തിരുവനന്തപുരം: മതം മാറാൻ കൂട്ടാക്കാത്തതിന് ഭാര്യയുടെ മുന്നിൽ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച ഭാര്യ സഹോദരൻ ഒളിവിൽ.ചിറയിൻകീഴിലാണ് സംഭവം. ആക്രമണം നടന്ന 2021 ഒക്ടോബർ 31 ന് തന്നെ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്ന് ഭാര്യ ദീപ്തി പറയുന്നു.
എന്നാൽ കേസെടുത്തെന്നും പ്രതിക്കായി തെരച്ചിൽ നടത്തുകയാണെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. 2021 ഒക്ടോബർ 29 ന് ബോണക്കാട് വെച്ചായിരുന്നു ലാറ്റിൻ കാതോലിക്ക് വിഭാഗത്തിൽപ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാർ വിഭാഗത്തിൽപ്പെട്ട മിഥുനും വിവാഹിതരായത്. എന്നാൽ ദീപ്തിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തു.
ദീപ്തിയുടെ സഹോദരനായ ഡാനിഷ് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറാണ്. ഒക്ടോബർ 31 ന് രാവിലെ ഡാനിഷ് ദീപ്തിയെയും മിഥുനെയും തന്ത്രപരമായി വിളിച്ചുവരുത്തി. പള്ളിയിൽ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് ഇരുവരോടും ഡാനിഷ് ആവശ്യപ്പെട്ടു. തുടർന്ന് പണം നൽകാമെന്നും അല്ലെങ്കിൽ മതം മാറണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഇത് എതിർത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാൻ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. വീട്ടിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ക്രൂരമായി മിഥുനെ സഹോദരൻ ആക്രമിക്കുകയായിരുന്നെന്ന് ദീപ്‍തി പറഞ്ഞു

