പത്തനംതിട്ട: മതസ്പർദ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ നമോ ടി വി ഉടമയും അവതാരകയും പൊലീസിൽ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്.
തിരുവല്ല എസ് എച്ച് ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. 153 എ വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെയുളള കേസ് .ഇവർക്കെതിരെ കേസെടുക്കാത്തതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മുൻകൂർ ജാമ്യത്തിനായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും