കൊച്ചി: കൊച്ചിയിൽ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദ്ദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടൽ ഉടമ തുഷാരക്കെതിരെ വീണ്ടും കേസെടുത്തു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് ഇത്തവണ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒളിവില്‍ പോയ തുഷാരക്കും സംഘത്തിനുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തന്‍റെ റസ്റ്റോറന്‍റില്‍ നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികള്‍ തങ്ങളെ മര്‍ദിച്ചുവെന്നായിരുന്നു തുഷാരയുടെ വ്യാജ പ്രചാരണം. ഗുരുതരമായ മതവിദ്വേഷ പ്രചാരണം നടത്തിയിട്ടും ഈ വകുപ്പുകള്‍ ചേര്‍ത്ത് തുഷാരക്കെതിരെ കേസെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു.
ഇതിനുപിന്നാലെയാണ് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന് കാട്ടി പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യം ആക്രമണക്കേസില്‍ മാത്രമായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒളിവില്‍ പോയ സംരംഭക തുഷാരയും സംഘവും കേരളം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.