പൊതു സംഭരണത്തിലും (Public Procurement) പദ്ധതി നിര്‍വ്വഹണത്തിലും (Project Management) പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി & സെക്രട്ടറി, ധനവിനിയോഗം ഡോ. ടി വി സോമനാഥന്‍ ഇന്ന് പുറത്തിറക്കി. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞ പ്രകാരം നിലവിലുള്ള നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും തുടര്‍ച്ചയായ അവലോകനത്തിന്റെ ഭാഗമായാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ രൂപീകരണവും പ്രകാശനവും. ഒരു പ്രത്യേക പ്രചാരണമെന്ന നിലയില്‍ 2021 ഒക്ടോബര്‍ 2 മുതല്‍ 31 വരെ ഇത് സംബന്ധിച്ച നടപടികള്‍ കാബിനറ്റ് സെക്രട്ടറി നിരീക്ഷിച്ചുവരുന്നു.
പൊതു സംഭരണത്തിന്റെയും പദ്ധതി നിര്‍വ്വഹണത്തിന്റെയും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി വിശദമായ കൂടിയാലോചന പ്രക്രിയയ്ക്ക് ശേഷം കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (CVC) കീഴിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരട് തയ്യാറാക്കിയത്. മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ അഭിപ്രായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും വിശദമായി പരിഗണിക്കുകയും ചെയ്തതിന് ശേഷം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പിനെ (DoE) ചുമതലപ്പെടുത്തി.
പൊതുതാത്പര്യം മുന്‍നിര്‍ത്തി പദ്ധതികള്‍ വേഗത്തിലും കാര്യക്ഷമമായും സുതാര്യമായും നടപ്പിലാക്കുന്നതിനും, വേഗത്തിലും കാര്യക്ഷമമായും തീരുമാനമെടുക്കാന്‍ നിര്‍വ്വഹണ ഏജന്‍സികളെ പ്രാപ്തരാക്കുന്നതിനുമുള്ള നൂതന നിയമങ്ങള്‍ ഇന്ത്യയിലെ പൊതു സംഭരണ മേഖലയില്‍ ഉള്‍പ്പെടുത്താന്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രമിക്കുന്നു. പണമൊടുക്കലുകള്‍ക്ക് കര്‍ശനമായ കാലാവധി നിര്‍ദ്ദേശിക്കുന്നതും മെച്ചപ്പെടുത്തലുകളില്‍ ഉള്‍പ്പെടുന്നു. അഡ്ഹോക്ക് പേയ്മെന്റുകള്‍ സമയബന്ധിതമായി കൈമാറുന്നത് (സമാഹരിച്ച ബില്ലുകളുടെ 70% അല്ലെങ്കില്‍ അതില്‍ കൂടുതല്‍) കരാറുകാരുടെയും, പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും (MSMEs) പണലഭ്യത മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ മുന്‍ഗണനയുടെ ഭാഗമായി, ജോലികളുടെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് മെഷര്‍മെന്റ് ബുക്കുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സംവിധാനം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന മറ്റ് ഐടി അധിഷ്ഠിത പരിഹാരങ്ങള്‍ക്കൊപ്പം, കാര്യക്ഷമമായ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനും, കരാറുകാര്‍ക്ക് വേഗത്തില്‍ പണമടയ്ക്കാനും, തര്‍ക്കങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
കരാറുകാരെ തിരഞ്ഞെടുക്കുന്നതിനും ഇതര രീതികള്‍ അനുവദിച്ചിട്ടുണ്ട്. ഇത് പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ വേഗതയും കാര്യക്ഷമതയും മെച്ചപ്പെടുത്തും. ഉചിതമായ സന്ദര്‍ഭങ്ങളില്‍, പരമ്പരാഗത L1 സംവിധാനത്തിന് പകരമായി ക്വാളിറ്റി കം കോസ്റ്റ് ബേസ്ഡ് സെലക്ഷന്‍ (QCBS) മുഖേന, പ്രൊപ്പോസലിന്റെ ഗുണനിലവാര മാനദണ്ഡമനുസരിച്ച് സുതാര്യവും ന്യായവുമായ രീതിയില്‍ മൂല്യനിര്‍ണ്ണയ വേളയില്‍ വെയിറ്റേജ് നല്‍കാവുന്നതാണ്.
സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി, അംഗീകൃത തുകയില്‍, ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കുകയെന്നത് എല്ലായ്‌പ്പോഴും വെല്ലുവിളിയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ദ്ധിക്കുന്നതിനാല്‍, നികുതിദായകന്റെ പണത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും, പുതിയ ആശയങ്ങള്‍ നടപ്പാക്കുന്നതിനും, അനാവശ്യമായ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനും നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും സൂക്ഷ്മമായ പരിശോധന അനിവാര്യമാണ്.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും (CVC), കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും (CAG) നാഷണല്‍ ഇന്‍സ്റ്റിറ്റിയുഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യയും (NITI) ആയോഗും പൊതു സംഭരണത്തിനും പദ്ധതി നിര്‍വ്വഹണത്തിനുമുള്ള നടപടിക്രമങ്ങളുടെയും നിയമങ്ങളുടെയും വിശദമായ വിശകലനം നടത്തുകയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാനിടയുള്ളതുമായ പൊതു സംഭരണത്തിലെ വെല്ലുവിളികളെ നേരിടാന്‍ തന്ത്രങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
പൊതു സംഭരണത്തെയും പദ്ധതി നിര്‍വ്വഹണത്തെയും കുറിച്ചുള്ള പൊതു നിര്‍ദ്ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക:
https://doe.gov.in/divisions/general-instructions-procurement-and-project-management

