കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആൾ അറസ്റ്റിൽ. തൃശൂർ നടത്തറ സ്വദേശി വിമൽ വിജയ് ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങൾ എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
ദിലീപിനെ കാണാനായി എത്തിയതാണ് വിമൽ. അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് ഗേറ്റ് ചാടി കിടക്കുകയും ചെയ്തു. പിന്നീട് നാട്ടുകാർ എത്തിയപ്പോഴേക്കും ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.
അങ്കമാലിയിൽ നിന്ന് ഓട്ടോ വിളിച്ചായിരുന്നു ഇയാൾ ദിലീപിന്റെ വീട്ടിൽ എത്തിയത്. അതേ ഓട്ടോയിൽ തന്നെയാണ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്. ഇതേതുടർന്നാണ് ഓട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. ഇങ്ങനെയാണ് പ്രതിയെ പിടികൂടിയതും. ചില സിനിമകളിൽ വിമൽ അഭിനയിച്ചിരുന്നതായും വിവരമുണ്ട്.