കോഴിക്കോട്: തൊട്ടിൽപ്പാലം ജാനകിക്കാട് വച്ച് കൂട്ടബലാൽസംഗത്തിനിരയായ ദളിത് പെൺകുട്ടി കൂടുതൽ ഇടങ്ങളിൽ വച്ച് പീഡിപ്പിക്കപ്പെട്ടതായി പൊലീസ്. വീടിനടുത്തുള്ള ബന്ധുവീട്ടിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന മൊഴിയെ തുടർന്ന് പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കൂടുതൽ മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്. വീടിനടുത്തുള്ള ബന്ധുവീട്ടിൽ വച്ച് രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചു എന്ന മൊഴിയെ തുടർന്നാണ് പെരുവണ്ണാമൂഴി പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം മൂന്നായി.
പുതിയ കേസിലെ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. 2021 ഒക്ടോബർ 3ന് ജാനകിക്കാട് വച്ചാണ് ദളിത് പെൺകുട്ടിയെ നാല് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ഘട്ടത്തിലാണ് താൻ കൂടുതൽ തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്.ഒക്ടോബർ 16ന് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിലെ വനപ്രദേശത്തു വച്ച് പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു രണ്ടാമത്തെ കേസ്. ആദ്യ കേസിലെ ഒരു പ്രതിയായ രാഹുൽ എന്നയാളും തൊട്ടിൽപ്പാലം സ്വദേശിയായ മെർവിൻ എന്നയാളുമായിരുന്നു രണ്ടാമത്തെ കേസിലെ പ്രതികൾ. രണ്ട് കേസിലുമായി പ്രതികളായ നാല് പേരും റിമാന്‍റിലാണ്.
പോക്സോ, ദളിതർക്കെതിരായ അതിക്രമം തടയൽ, പീഡനം എന്നീ വകുപ്പുകളാണ് മൂന്നാമത്തേ കേസിലും ചുമത്തിയിട്ടുള്ളത്. കടുത്ത മാനസിക സമ്മർദത്തിലാണ് പെൺകുട്ടിയെന്നും, കൂടുതൽ മൊഴി എടുക്കേണ്ടതുണ്ടെന്നും റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു. അതേസമയം മറ്റ് രണ്ട് കേസുകളിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാനായി പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.