മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലെന്ന് യുഎന്‍ അന്വേഷണ സംഘം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലാണെന്ന യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അണക്കെട്ടിനു നിര്‍മ്മാണത്തിലെ പരിമിതി മൂലം ബലക്ഷയമുണ്ടെന്നതിനാല്‍ ജലവിതാനം ഗണ്യമായി ഉയര്‍ന്നാല്‍ തകര്‍ന്നേക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് യുഎന്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ അത് ബാധിക്കുമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.2011 ലുമുണ്ടായ നേരിയ ഭൂമികുലുക്കത്തില്‍ അണക്കെട്ടില്‍ നേരിയ വിള്ളലുകളുണ്ടായിട്ടുണ്ട്. നേരത്തെ 1979ലുണ്ടായ ഭൂചലനത്തിലും വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. ഭൂമികുലുക്കത്തിന് സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടില്‍ ഇപ്പോഴുള്ള ചോര്‍ച്ചയും ആശങ്കക്കിടയാക്കുന്നതാണ്. 125 വര്‍ഷം മുന്‍പാണ് നിര്‍മ്മിച്ചത്. അന്നത്തെ നിര്‍മ്മിതിയുടെ സാങ്കേതിക വിദ്യ വേണ്ടത്ര പുരോഗമിച്ചതല്ലായിരുന്നതിനാല്‍ ബലക്ഷയം എത്രമാത്രം ഗുരുതരമാണെന്ന് നിഗമനത്തിലെത്താന്‍ കൃത്യമായി സാധിക്കില്ല.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലവുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടുമായുള്ള തര്‍ക്കം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസ്സാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നിരുന്നു. പുതിയ അണക്കെട്ട് പണിയണമെന്ന് 2009ല്‍ കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →