പത്തനംതിട്ട: തടികയറ്റി വന്ന ലോറി ഓട്ടോറിക്ഷയ്‌ക്ക് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പത്തനംതിട്ട മേക്കൊഴൂരിൽ 23/10/21 ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ഓട്ടോഡ്രൈവർ ഉതിമൂട് മാമ്പാറവീട്ടിൽ ഷൈജു കമലാസനൻ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടിൽ വീട്ടിൽ രാജേഷ്(40), കുമ്പഴ തറയിൽ വീട്ടില് ജയൻ(41)എന്നിവർക്കാണ് പരിക്കേറ്റത്. ലോറിക്കടിയിൽ പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.
മേക്കൊഴൂരിൽ നിന്നും തടി കയറ്റി വന്ന ലോറി പുതുവേലിപ്പടി ഇറക്കം ഇറങ്ങുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷ കണ്ട് ബ്രേക്ക്ചെയ്തെങ്കിലും നിയന്ത്രണംവിട്ടു. തുടർന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ലോറിയ്‌ക്കും സമീപത്തെ മതിലിനും ഇടയിൽ ഓട്ടോറിക്ഷ അമർന്നു പോയി. മുകളിലേക്ക് തടിയും വീണു. ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും പുറത്തെടുക്കാനാകുമായിരുന്നില്ല.
തടിയുടെ കെട്ട് അയഞ്ഞതിനാൽ അഗ്നിരക്ഷാസേനയെത്തിയിട്ടും തുടർ പ്രവർത്തനങ്ങൾ ദുഷ്‌കരമായി. പത്തനംതിട്ടയിൽ നിന്നും രണ്ട് ക്രെയിനുകൾ എത്തിച്ച് ലോറി ഉയർത്തി നിർത്തി അഗ്നിരക്ഷാ സേനയുടെ കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. പിൻസീറ്റിലിരുന്ന രാജേഷിനെയും ജയനെയുമാണ് ആദ്യം രക്ഷിച്ചത്. തടിയ്‌ക്കിയിൽപ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്. പരിക്കേറ്റവരെപത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വെളിച്ചമില്ലാത്തതും കനത്ത മഴപെയ്‌തതും രക്ഷാ പ്രവർത്തനം വൈകാൻ കാരണമായി.