തിരുവനന്തപുരം: സർക്കാർ ഇടപെടലിനെ തുടർന്ന് കുഞ്ഞിനെ തിരിച്ച് കിട്ടാനുള്ള വഴി തെളിഞ്ഞതിനാൽ സെക്രട്ടേറിയേറ്റിന് മുന്നിലെ നിരാഹാര സമരം അനുപമ അവസാനിപ്പിച്ചു. സർക്കാർ ഇടപെടലിന് നന്ദി അറിയിക്കുന്നതായും അനുപമ പറഞ്ഞു. നിരാഹാര സമരം അവസാനിപ്പിച്ച ശേഷം അനുപമ കോടതിയിലേക്ക് പോയി.
2021 ഒക്ടോബർ 23ന് രാവിലെ പത്തുമണിക്കാണ് അനുപമ സെക്രട്ടേറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചത്. വലിയ പ്രതീക്ഷയോടെയാണ് സമരം അവസാനിപ്പിച്ച് മടങ്ങുന്നതെന്ന് അനുപമ പറഞ്ഞു. ഉച്ചയോടെയാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുന്നത്. ദത്ത് നടപടികളിൽ ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഔദ്യോഗികമായി അറിയിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അത് സംബന്ധിച്ച ഉത്തരവ് മന്ത്രി വീണ ജോർജ് നൽകിയിട്ടുണ്ട്.

