തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രഥമ പരിഗണന ജനങ്ങളുടെ സുരക്ഷ: മന്ത്രി കെ. രാജന്‍

* ദുരന്തബാധിതര്‍ക്ക് പൂര്‍ണ പിന്തുണയും സഹായവും ഉറപ്പാക്കും. 

തിരുവനന്തപുരം: പ്രളയ ദുരന്തബാധിതരുടെ പരിപൂര്‍ണ സുരക്ഷ മാത്രമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതെന്നും മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. ഈ ഘട്ടത്തില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കല്ലിയൂര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് 428 ദുരിതാശ്വാസ ക്യാമ്പുകളിലായി 30,000 പേരെ സുരക്ഷിതരായി പാര്‍പ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എത്ര ക്യാമ്പുകള്‍ വേണമെങ്കിലും ആരംഭിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓറഞ്ച് ബുക്ക് -2021 ല്‍ പറയുന്ന ഉയര്‍ന്ന പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത് തുടരുകയാണ്. മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതാ മേഖലകളില്‍ ആളുകള്‍ ഇപ്പോഴും ഉണ്ടെങ്കില്‍ ഇന്ന് രാത്രിയോടെ പൂര്‍ണമായും അവരെയും മാറ്റി പാര്‍പ്പിക്കും. ഇതിനായി  എന്‍.ഡി.ആര്‍.എഫിന്റെ 12 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മി, നേവി, എയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള സേനകളും മത്സ്യത്തൊഴിലാളികളും മലയോരപ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സംഘങ്ങള്‍ മുഴുവന്‍ സമയവും ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

പ്രളയബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നിയമവ്യവസ്ഥകള്‍ക്കനുസരിച്ച് വേഗത്തില്‍ നല്‍കാന്‍ ബന്ധപ്പെട്ട റവന്യു അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കും. ദുരന്ത സ്ഥലങ്ങളില്‍ ആളുകള്‍ അനാവശ്യ സന്ദര്‍ശനം നടത്തരുതെന്നും നവ മാധ്യമങ്ങള്‍ വഴി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. 

എം.വിന്‍സെന്റ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ, സബ്കളക്ടര്‍ എം.എസ് മാധവിക്കുട്ടി,  ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.കെ വിനീത്, റവന്യു ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →