ലാഭമെടുപ്പില്‍ തട്ടി ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ലാഭമെടുപ്പില്‍ തട്ടി ഓഹരി വിപണിയില്‍ ഇടിവ്. ഐടി, മെറ്റല്‍ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.ധനകാര്യ ഓഹരികളില്‍ ചിലത് കരുത്തുകാട്ടിയതോടെ കനത്തനഷ്ടത്തില്‍വീഴാതെ സൂചികകളെ കാത്തു. സെന്‍സെക്സ് 336.46 പോയിന്റ് നഷ്ടത്തില്‍ 60,923.50ലും നിഫ്റ്റി 88.50 പോയിന്റ് താഴ്ന്ന് 18,178.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി ബാങ്ക് സൂചിക 512 പോയിന്റ് ഉയര്‍ന്ന് ഏറ്റവും ഉയര്‍ന്ന നിലയായ 40,030 പോയിന്റിലെത്തി.

ബി.എസ്.ഇ. ബെഞ്ച്മാര്‍ക്ക് സൂചിക, 300 പോയിന്റ് ഉയര്‍ച്ചയോടെ 61,557 ലായിരുന്നു വ്യാപാരം ആരംഭിച്ചത്. നിമിഷങ്ങള്‍ക്കകം 61,621 എന്ന ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ പിന്നീട് വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദിവസത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് 1,135 പോയിന്റ് കുറഞ്ഞ് 60,486 പോയിന്റ് എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. കമ്പനികളില്‍ ഏഷ്യന്‍ പെയിന്റ്സ് ഏറ്റവും വലിയ നഷ്ടം നേരിട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഏകദേശം 3 ശതമാനം ഇടിഞ്ഞ് 2,623 രൂപയായി. ഇന്‍ഫോസിസ്, ഡോ. റെഡ്ഡീസ്, ടാറ്റാ സ്റ്റീല്‍, ടി.സി.എസ്. എന്നിവയാണ് 2 ശതമാനം വീതം നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. അതേസമയം, കൊട്ടക് ബാങ്കിന്റെ ഓഹരി വില 6.5 ശതമാനം ഉയര്‍ന്ന് 2,146 രൂപയിലെത്തി. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ. ബാങ്ക്, എന്‍.ടി.പി.സി. എന്നിവ 1-2 ശതമാനം വീതം ഉയര്‍ന്നു.
ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.4 ശതമാനവും 0.7 ശതമാനവും കുറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →