കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ. ചങ്ങനാശേരി പെരുന്ന വെസ്റ്റ് ഗവൺമെന്റ് യു.പി.എസിലെ ക്യാമ്പിലെത്തിയ കളക്ടർ ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു. ആരോഗ്യസേവനങ്ങൾ, ഭക്ഷണ സൗകര്യം എന്നിവയടക്കമുള്ളവ പരിശോധിച്ചു. 23 കുടുംബങ്ങളിലെ 103 പേരാണ് ക്യാമ്പിൽ കഴിയുന്നത്.
പെരുന്ന ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വാഴപ്പള്ളി കിഴക്ക് പണ്ടകശാല കടവ് സെന്റ് ജെയിംസ് എൽ.പി.എസ്. എന്നിവിടങ്ങളിലെ ക്യാമ്പുകളും സന്ദർശിച്ചു. ഏഴു കുടുംബങ്ങളിലെ 21 പേരാണ് പെരുന്ന ഗവൺമെന്റ് എൽ.പി. സ്‌കൂളിലുള്ളത്. എട്ടു കുടുംബങ്ങളിലെ 28 പേരാണ് സെന്റ് ജെയിംസ് എൽ.പി.എസിലുള്ളത്. ആവശ്യമെങ്കിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ച മത്സ്യബന്ധനവള്ളങ്ങൾ സൂക്ഷിച്ചിട്ടുള്ള ചങ്ങനാശേരി താലൂക്ക് ഓഫീസിലും കളക്ടറെത്തി. ചങ്ങനാശേരി നഗരസഭാധ്യക്ഷ സന്ധ്യ മനോജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, നഗരസഭാംഗങ്ങളായ കെ. മുരുകൻ, കെ.എം. നജിയ, ആശ ശിവകുമാർ, സന്തോഷ് ആന്റണി, തഹസിൽദാർ ജോർജ് കുര്യൻ, ഡെപ്യൂട്ടി തഹസിൽദാർ പി. ഫ്രാൻസിസ് എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.

