ഡെറാഡൂണ്‍: മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 50 ആയി. 17 മുതല്‍ പെയ്യുന്ന കനത്ത മഴ ഏറ്റവും നാശം വിതച്ച നൈനിറ്റാള്‍ ജില്ലയില്‍ മാത്രം 30 പേര്‍ മരിച്ചു. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന അഞ്ഞൂറിലേറെപ്പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. 11 അംഗ പര്‍വതാരോഹക സംഘത്തെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.14 ന് ഉത്തരാഖണ്ഡിലെ ഹര്‍സിലില്‍നിന്ന് ഹിമാചല്‍ പ്രദേശിലെ ചിത്കുലിലേക്കു പുറപ്പെട്ട സംഘത്തെക്കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്ന് ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഏജന്‍സി അറിയിച്ചു.
ജില്ലയിലെ തടാകനഗരമായ രാംഗാഹ് ഒറ്റപ്പെട്ടു. 24 മണിക്കൂറിനിടെ 500 മില്ലിമീറ്റര്‍ മഴയാണ് നൈനിറ്റാളില്‍ പെയ്തത്. നൈനിറ്റാളിനെ കൂടാതെ ഉത്തരാഖണ്ഡിലെ മറ്റു പല പ്രദേശങ്ങളും റോഡും വാര്‍ത്തവിനിമയസംവിധാനങ്ങളും തകരാറിലായതോടെ പുറംലോകത്ത് നിന്നും ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ പലയിടത്തും വെള്ളക്കെട്ടൊഴിഞ്ഞു.
അതിനിടെ, പ്രളയം ഉത്തരാഖണ്ഡിനെ തകര്‍ത്തെന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. ദുരിതബാധിത മേഖലകള്‍ പൂര്‍വ്വസ്ഥിതിയിലെത്താന്‍ നാളുകളെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിലും മണ്ണിടിച്ചിലും തകര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാനും പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.