കോട്ടയം: ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തടക്കം എല്ലാ ദുരിതബാധിത മേഖലകളിലും ദൈനംദിന ജീവിതം യാഥാര്‍ഥ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുണ്ടക്കയം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് റേഷന്‍ ലഭ്യത ഉറപ്പുവരുത്തും. ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് അവ എത്രയും വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഗ്യാസ്, പാത്രങ്ങള്‍ തുടങ്ങിയവ നഷ്ടപ്പെട്ടവര്‍ക്ക് വാങ്ങി നല്‍കും. സന്നദ്ധ സേവനത്തിനായി പ്ലംബര്‍മാര്‍, മേസ്തിരിമാര്‍, ഇലക്ട്രീഷ്യന്മാര്‍ എന്നിങ്ങനെയുള്ള 50 വിദഗ്ധ തൊഴിലാളികളുടെ സംഘത്തെ കൂട്ടിക്കലില്‍ വിനാസിച്ചിട്ടുണ്ട്. വീടുകള്‍ ശുചീകരിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും ശുചീകരണസാമഗ്രികളും ലഭ്യമാക്കും. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വീടും സ്ഥലവും പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടു മാത്രം നഷ്ടപ്പെട്ടവര്‍, ഭാഗികമായുള്ള നഷ്ടങ്ങള്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍, വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ തരംതിരിച്ചുള്ള കണക്കെടുപ്പുകളാണ് നടത്തുക. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യാഗസ്ഥരെ കണക്കെടുപ്പുകള്‍ക്കായി നിയോഗിക്കും. ക്യാമ്പുകളുടെ സുരക്ഷയ്ക്കായി പൊലിസിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനമടക്കം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കളക്ടര്‍ ഡോ.പി.കെ. ജയശ്രീ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അജിതാ രതീഷ്, പഞ്ചായത്ത് സെക്രട്ടറി ഗിരിജ കെ. കുമാരി, ജില്ലാ ആസൂത്രണ സമിതിയംഗം കെ. രാജേഷ്, മുണ്ടക്കയം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.വി അനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ക്യാമ്പുകളിലേക്ക് കെ.ജി.ഒ.എ., കെ.എസ്.ടി.എ. സംഘടനകള്‍ സംഭാവനയായി നല്‍കിയ സാധനങ്ങള്‍ മന്ത്രി സ്വീകരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് 40 ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
കൂട്ടിക്കലിലും പ്ലാപ്പള്ളിയിലുമടക്കം ദുരിതബാധിത മേഖലകളില്‍ തിങ്കളാഴ്ചയും തെരച്ചിലും ദുരി താശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. കൂട്ടിക്കല്‍, മുണ്ടക്കയം മേഖലകളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.പി.കെ. ജയശ്രീ, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, തഹസില്‍ദാര്‍ ബിനു സെബാസ്റ്റിയന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. കരസേന, ഫയര്‍ഫോഴ്‌സ്, പൊലീസ്, എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്നലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നാട്ടുകാരും വിവിധ സംഘടനകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ, മാര്‍ട്ടിന്‍, സിനി മാര്‍ട്ടിന്‍, സ്‌നേഹ മാര്‍ട്ടിന്‍, സോന മാര്‍ട്ടിന്‍, സാന്ദ്ര മാര്‍ട്ടിന്‍ എന്നിവര്‍ക്ക് കാവാലി സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍, പട്ടികജാതി-വര്‍ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍, അഡ്വ. മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആര്‍. അനുപമ, എ.ഡി.എം. ജിനു പുന്നൂസ് എന്നിവരുമുണ്ടായിരുന്നു.