ദുബായ്: ട്വന്റി20 ക്രിക്കറ്റില്‍ 300 മത്സരങ്ങളില്‍ നായകനാകുന്ന ആദ്യ താരമെന്ന ഖ്യാതി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എം.എസ്. ധോണി സ്വന്തമാക്കി. വിവിധ ട്വന്റി 20 ടൂര്‍ണമെന്റുകളില്‍ നിന്നാണു ധോണി ഈ നേട്ടം കുറിച്ചത്.40 വയസുകാരനായ ധോണി കരിയറിലെ പത്താം ഫൈനലിലാണു കളിച്ചത്. അതില്‍ ഒന്‍പതും സൂപ്പര്‍ കിങ്‌സ് നായകനായിരുന്നു. സൂപ്പര്‍ കിങ്‌സിനെ 214 മത്സരങ്ങളില്‍ നയിച്ചു (23 ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 മത്സരങ്ങള്‍ ഉള്‍പ്പെടെ). റൈസിങ് പുനെ സൂപ്പര്‍ ജയന്റസിനെ 14 മത്സരങ്ങളിലും നയിച്ചു. ഇന്ത്യയെ ആറ് ലോകകപ്പുകളില്‍ ഉള്‍പ്പെടെ 72 ട്വന്റി20 മത്സരങ്ങളില്‍ നയിച്ചു. ഇന്ത്യ 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പ് നേടിയതു ധോണിയുടെ നായക മികവിലാണ്. അതിനു മുമ്പ് ഇന്ത്യ ഒരു ട്വന്റി20 മത്സരം മാത്രമാണു കളിച്ചത്. 2006 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ആദ്യ മത്സരം. ധോണിക്കു പിന്നിലുള്ളതു വെസ്റ്റിന്‍ഡീസിന്റെ ഡാരന്‍ സാമിയാണ്.
വിന്‍ഡീസിനു വേണ്ടിയും വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും സാമി 208 മത്സരങ്ങളില്‍ നായകനായി. ധോണിയും കൊല്‍ക്കത്ത നായകന്‍ ഒയിന്‍ മോര്‍ഗാനും ട്വന്റി20 കരിയറിലെ 347-ാം മത്സരം കളിച്ചെന്ന സവിശേഷതയുമുണ്ട്.