അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; 3 ദിവസം കൂടി മഴ തുടരും, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച(14/10/21) മുതൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട പുതിയ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ന്യൂനമാർദ്ദമായി മാറുകയായിരുന്നു. ഒക്ടോബർ 17 വരെ വ്യാപക മഴയ്ക്കാണ് സാധ്യത. 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിര്‍ദ്ദേശം. മലയോര മേഖലകളിൽ ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി.

നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഇടുക്കി അണക്കെട്ടിന്‍റെ ഇപ്പോഴത്തെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് 2390.86 അടിയിലെത്തിയാൽ ആദ്യത്തെ ജാഗ്രത നിർദ്ദേശമായ ബ്ലൂ അലർട്ട് നൽകണം. ഇതിന് ഒരടിയിൽ താഴെ ജലനിരപ്പ് ഉയർന്നാൽ മതി. 2397.86 അടിയിലെത്തിയാൽ റെഡ് അല‍ർട്ട് നൽകിയ ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയ‍‍‍‍ർത്തി വെള്ളം തുറന്നു വിടണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ.

85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →