മാലെ: സാഫ് ഫുട്ബോളില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മാലെ ദ്വീപിനെ നേരിടും. ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ ഫൈനലില്‍ കടത്തില്ല. വൈകിട്ട് 7.30 മുതലാണ് അവസാന ലീഗ് മത്സരം.സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ ഇന്ത്യ പുറത്താകും. തോറ്റാല്‍ ഏഴുവട്ടം ചാമ്പ്യന്‍മാരായ ഇന്ത്യയുടെ ടൂര്‍ണമെന്റില്‍ ഏറ്റവും മോശം പ്രകടനമായിരിക്കും അത്. കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ ഭാവിയും ശങ്കയിലാകും. 2003 ല്‍ മൂന്നാം സ്ഥാനക്കാരായതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മോശം പ്രകടനം. കഴിഞ്ഞ 11 തവണയും ജേതാക്കളോ റണ്ണര്‍ അപ്പോ ആയി. രണ്ട് സമനിലയും ഒരു ജയവും അടക്കം അഞ്ച് പോയിന്റ് നേടിയ ഇന്ത്യ മൂന്നാമതാണ്. മൂന്ന് കളികളില്‍നിന്ന് ആറ് പോയിന്റാണു മാലെ ദ്വീപ്, നേപ്പാള്‍ എന്നിവരുടെ നേട്ടം. നാല് പോയിന്റ് വീതമുള്ള നേപ്പാളും ബംഗ്ലാദേശും തമ്മില്‍ മത്സരിക്കുന്നുണ്ട്.
നിലവിലെ ചാമ്പ്യന്‍ കൂടിയായ മാലെ ദ്വീപ് ഇന്ത്യക്കു കരുത്തരായ എതിരാളികളാണ്. വെറ്ററന്‍ണമാരാണ് ഇന്ത്യയെയും മാലെ ദ്വീപിനെയും നയിക്കുന്നത്. 77 ഗോളുകളടിച്ച 36 വയസുകാരന്‍ സുനില്‍ ഛേത്രി ഇന്ത്യയെയും അതേ പ്രായത്തിലുള്ള അലി അഷ്റഫ് മാലെയും നയിക്കും. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളാണ് അലി അഷ്റഫ്. നേപ്പാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചതോടെയാണ് ഇന്ത്യക്കു പ്രതീക്ഷയായത്.