എറണാകുളം: കൈതാരത്ത് കന്നിക്കൊയ്ത്ത് ഉത്സവം

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരത്ത് പൊക്കാളി കൃഷി വിളവെടുപ്പ് നടന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന തനത് പൊക്കാളി നെൽവിത്തിന്റെ സംരക്ഷണാർത്ഥം ഒരുക്കിയ വിത്തുൽപ്പാദന നഴ്സറിയിലെ കൊയ്ത്തുത്സവമാണ് കന്നിക്കൊയ്ത്ത് എന്ന പേരിൽ സംഘടിപ്പിച്ചത്. പൊക്കാളി പാടശേഖര സമിതിയിലെ കർഷകനായ കെ.ജെ ജോസിയുടെ കൃഷിയിടത്തിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ് കന്നിക്കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. 

2018 ലെ പ്രളയം തീരദേശ പഞ്ചായത്തുകളിലെ പൊക്കാളി നെൽകൃഷിയെ പൂർണമായും നശിപ്പിച്ചിരുന്നു. ഇതോടെ പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന തനത് പൊക്കാളി നെൽവിത്ത് വംശനാശ ഭീഷണിയുടെ വക്കിലെത്തി. അതിനെ വീണ്ടെടുത്ത് എല്ലാ കർഷകരിലേക്കും എത്തിച്ച് കൂടുതൽ ജനകീയമാക്കാനുള്ള പരിശ്രമത്തിലാണ് കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ. തനത് പൊക്കാളി നെല്ലിന്റെ സംരക്ഷണാർത്ഥം കൈതാരം, തത്തപ്പിള്ളി പാടശേഖരങ്ങളിൽ പൊക്കാളി വിത്തുൽപ്പാദന നഴ്സറികൾ ആരംഭിച്ചു. ഇവിടങ്ങളിൽ കൊയ്ത്ത് പുരോഗമിക്കുകയാണ്.

കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, സ്ഥിരം സമിതി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, സുനിത ബാലൻ, ബ്ലോക്ക് പഞ്ചായത്തംഗം ജെൻസി തോമസ്, ഗ്രാമ പഞ്ചായത്തംഗം ലതിനാ സലിം, കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി റൈഹാന, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സി.വി ശാന്ത, കാർഷിക വികസന സമിതി അംഗങ്ങളായ വി. ശിവശങ്കരൻ നായർ, എൻ.എസ് മനോജ്, സോമസുന്ദരൻ, ലാലു കൈതാരം, കെ.ജി രാജീവ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →