വൈശാഖ് അവസാനമായി നാട്ടിലെത്തിയത് ഇക്കഴിഞ്ഞ ഓണത്തിന്

കൊല്ലം: ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കൊല്ലം വെളിയം ആശാമുക്കിലെ ശിൽപ്പാലയത്തിൽ വൈശാഖ് എച്ച്. (24) സൈന്യത്തിൽ ചേർന്നിട്ട് നാലു വർഷം മാത്രം. ഇക്കഴിഞ്ഞ ഓണത്തിനാണ് വൈശാഖ് അവസാനമായി നാട്ടിലെത്തിയത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ 2021 ഒക്ടോബർ 11തിങ്കളാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്.

ഹരികുമാർ – മീന ദമ്പതികളുടെ മകനാണ് വൈശാഖ്. ശിൽപ സഹോദരിയാണ്. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു വൈശാഖ്. 2017ലായിരുന്നു വൈശാഖ് സൈന്യത്തിൽ ചേർന്നത്. സൈന്യത്തിൽ സിപോയി ആയിരുന്നു വൈശാഖ്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് തിങ്കളാഴ്ച രാവിലെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖ് അടക്കമുള്ള സൈനികർക്ക് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേർ മരിച്ചു.

പഞ്ചാബ് കബൂർത്തലിൽ നിന്നുള്ള ജൂനിയർ കമ്മീഷൻ ഓഫീസ് നായിബ് സുബേധാർ ജസ്വീന്ദർ സിങ്, ഗുരുദാസ് പുർ സ്വദേശി മൻദീപ് സിങ്, റോപ്പർ സ്വദേശി ഗജ്ജൻ സിങ്, ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശി സരത് സിങ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു നാലു പേർ. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായും റിപ്പോർട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →