നാട്ടുമ്പുറത്തുകാരന്റെ എല്ലാ പരിശുദ്ധിയോടും കൂടി അഭ്രപാളിയില്‍ അഭിനയ കുലപതിയായി മാറിയ പ്രതിഭയായിരുന്നു നെടുമുടി വേണു.
എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന വ്യക്തിത്വം. നെടുമുടി വേണു വിട വാങ്ങുമ്പോഴുണ്ടായത് കലാരംഗത്തെ മാത്രമല്ല, വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് സിനിമയിലെ ഓരോരുത്തരും എടുത്തുപറഞ്ഞതും അതുകൊണ്ടാവാം. കലാരംഗത്താവട്ടെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. നായകനായും സഹനടനായും വില്ലനായും വെള്ളിത്തിരയിലെത്തിയപ്പോള്‍ പാച്ചിയെന്ന അപരനാമത്തില്‍ തിരക്കഥാകൃത്തായും സിനിമയുടെ അണിയറക്കാരനായി. സമര്‍ത്ഥനായ ഒരു മൃദംഗം വായനക്കാരന്‍ കൂടിയാണ് അദ്ദേഹം. പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തു. മൂന്ന് തലമുറയിലെ താരങ്ങള്‍ക്കൊപ്പം നാല്പതു വര്‍ഷത്തിനിടെ അഞ്ഞൂറു സിനിമകളില്‍ അഭിനയിച്ചു. ഭരതത്തിലെ കള്ളിയൂര്‍ രാമനാഥന്‍, തേന്മാവിന്‍ കൊമ്പത്തി’ലെ ശ്രീകൃഷ്ണന്‍, വന്ദനത്തിലെ പ്രൊഫസര്‍ കുര്യന്‍ ഫെര്‍ണാണ്ടസ്, ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉദയ വര്‍മ്മ തമ്പുരാന്‍, ചിത്രത്തിലെ കൈമള്‍ വക്കീല്‍ എന്നു തുടങ്ങി ബെസ്റ്റ് ആക്റ്ററിലെ ഡെന്‍വര്‍ ആശാന്‍ വരെ നീളുന്ന കഥാപാത്രങ്ങള്‍. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പ്രദര്‍ശനത്തിനെത്തിയ ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
നാടകരംഗത്ത് നിന്ന് സിനിമയിലേക്ക്
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22നായിരുന്നു ജനനം. ഇന്ന് 73 വയസ് പൂര്‍ത്തിയാകുന്ന നെടുമുടി വേണു നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് തലസ്ഥാന നഗരിയില്‍ എത്തുന്നത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടി വേണു നാടകങ്ങള്‍ എഴുതുമായിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചു. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. നാടകരംഗത്ത് നിന്നാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. പ്രശസ്ത കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കരുമായുള്ള അടുപ്പവും വേണുവിനെ മലയാള സിനിമയിലേക്കെത്തിച്ചു.
ഒരു സുന്ദരിയുടെ കഥ ആദ്യ ചിത്രം
ജയന്‍ മരിക്കുകയും മലയാള സിനിമയില്‍ നവോത്ഥാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നിയോഗം പോലെ നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് ആണ് ആദ്യചിത്രം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം പ്രക്ഷേകമനസ്സില്‍ നെടുമുടി വേണുവിനെ എക്കാലത്തേക്കും പ്രതിഷ്ഠിച്ചു. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറി.
വിജയഘടകമായ സഹനടന്‍
മോഹന്‍, ഭരതന്‍, കെ.ജി. ജോര്‍ജ്ജ്, പത്മരാജന്‍ തുടങ്ങിയ നമ്മുടെ എക്കാലത്തെയും മികച്ച മധ്യവര്‍ത്തി സിനിമകളുടെ സംവിധായകരുടെയെല്ലാം വിജയങ്ങളില്‍ നെടുമുടി വേണുവിനു ചെറുതല്ലാത്ത പങ്കുണ്ട്. എം. ടി, ജോണ്‍പോള്‍, പത്മരാജന്‍ തുടങ്ങിയ തിരക്കഥാകൃത്തുക്കള്‍ അരങ്ങുവാണ കാലം കൂടിയാണത്. ഒരു വേഷം അണിയുമ്പോള്‍ നെടുമുടി അതങ്ങനെ തന്നെ പകര്‍ത്തുകയല്ല ചെയ്യുന്നത്. അതിനെ വ്യാഖ്യാനിക്കുകയാണ്. എഴുത്തുകാരനും സംവിധായകനും അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനകത്തു നിന്നുകൊണ്ടു പിന്നെ ഈ നടന്‍ ആ കഥാപാത്രത്തെ മോഷ്ടിക്കുന്നുവെന്നാണ് അദ്ദേഹത്തെ കുറിച്ച് സിനിമാക്കാര്‍ പറയാറ്. അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുംതച്ചന്‍ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മൊഗാമല്‍, ഇന്ത്യന്‍, അന്യന്‍, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സര്‍വ്വം താളമയം, ഇന്ത്യന്‍ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളില്‍ വേഷമിട്ടു. ചോര്‍ രഹേന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
പൂരത്തിന്റെ സംവിധായകന്‍
പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രൂതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത് നെടുമുടി വേണുവാണ്. പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തു. ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമാണ്. 1990ല്‍ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ്, 2003-ല്‍ ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.