നടൻ നെടുമുടി വേണു വിടവാങ്ങി

തിരുവനന്തപുരം: നടൻ നെടുമുടി വേണു വിട വാങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ 11/10/2021 തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു. 

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

നെടുമുടിക്കാരനായ വേണു മാധ്യമപ്രവര്‍ത്തകനായാണ് ജീവിതം ആരംഭിച്ചത്. നാടക രംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. അരങ്ങിന്റെ ലോകത്തേക്ക് അദ്ദേഹത്തെ കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു.

അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തായി. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →