കൊല്ലം: ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരന്‍. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷാ വിധി ബുധനാഴ്ച(13/10/21) പ്രഖ്യാപിക്കും.
കോടതിയില്‍ തിങ്കളാഴ്ച(11/10/21) ഹാജരാക്കിയ ശേഷം കുറ്റം മുഴുവന്‍ സൂരജിനെ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് ഒന്നുമില്ല എന്നായിരുന്നു സൂരജിന്റെ മറുപടി.
ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് കേസില്‍ വിധി പറഞ്ഞത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്.
സൂരജ് മാത്രമായിരുന്നു കേസിലെ പ്രതി.
87 സാക്ഷികള്‍ നല്കിയ മൊഴികളും 288 രേഖകളുമാണ് അന്വേഷണം സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാന്‍ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചര്‍ച്ചയായിരുന്നു.
വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്.
2020 മെയ് ആറിനാണ് ഭർത്താവ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. മെയ് ഏഴിനു രാവിലെ ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാമ്പു കടിയേറ്റുള്ള സാധാരണ മരണം എന്ന് ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടായത് ഉത്രയുടെ മാതാപിതാക്കൾ പരാതിയുമായി കൊല്ലം റൂറൽ എസ്പിയെ സമീപിച്ചതോടെയാണ്. എസിയുള്ള ജനലും വാതിലും അടച്ചിട്ട മുറിയിൽ പാമ്പ് എങ്ങനെ കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമായിരുന്നു കേസ്.
ഉത്ര മരിച്ചത് പാമ്പു കടിയേറ്റതു മൂലമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോൺ രേഖകളും മറ്റ് ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് അറസ്റ്റിലായത്. പാമ്പാട്ടിയായ സുഹൃത്തിൽ നിന്ന് സൂരജ് കരിമൂർഖനെ പണംകൊടുത്ത് വാങ്ങിയെന്നും ഈ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കേസിൽ ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചത്. ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ടെന്നും, രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനെന്ന് ഭർത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി നൽകിയതായും അനന്വേഷണ സംഘം അറിയിച്ചിരുന്നു. പിന്നീട് മാധ്യമങ്ങൾക്കു മുന്നിൽ ഉത്രയെ കൊന്നത് താൻ തന്നെയാണെന്ന് സൂരജ് പറയുകയും ചെയ്തിരുന്നു. ജൂലൈയിൽ വനം വകുപ്പിന്റെ തെളിവെടുപ്പിനായി അടൂരിലുള്ള വീട്ടിൽ എത്തിച്ചപ്പോഴായിരുന്നു സൂരജിന്റെ തുറന്നുപറച്ചിൽ.
കൊലപാതകത്തിന് ഉപയോഗിച്ച പാമ്പിനെ നൽകിയ സൂരേഷിനെ കേസിൽ മാപ്പു സാക്ഷി ആക്കിയിരുന്നു.

