കൊച്ചി : പി വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്റെ അനധികൃത ഡാം നിർമ്മാണം പൊളിച്ചു നീക്കുവാനുള്ള ഉത്തരവ് നടപ്പാക്കിയില്ല എന്ന് കാണിച്ചത് മലപ്പുറം കളക്ടർക്കെതിരെ കോടതി അലക്ഷ്യ കേസ് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടു. ജസ്റ്റിസ് എൻ നഗരേഷിൻറെ ബെഞ്ചിൽ ആണ് കോടതി അലക്ഷ്യ കേസ് വന്നിട്ടുള്ളത്. ഒക്ടോബർ 25- ലേക്ക് തുടർനടപടികൾക്കായി കേസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അൻവർ പി വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിൻറെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണി പാറയിലെ ചെക്ക് ഡാം പൊളിച്ചു നീക്കാനും വെള്ളം തുറന്നു വിടുവാനും കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2019 ലായിരുന്നു ഇതു സംബന്ധിച്ച ഉത്തരവ് കേരള ഹൈക്കോടതി നൽകിയത്. ചീങ്കണ്ണി പാറയിൽ നിയമവിരുദ്ധമായി ഡാം നിർമ്മിക്കുകയും വനത്തിൽ നിന്ന് ഒഴുകിവരുന്ന ജലപ്രവാഹത്തെ ഗതി വഴിതിരിച്ചുവിടുകയും ചെയ്തു എന്നായിരുന്നു പരാതി. രാഷ്ട്രീയപ്പാർട്ടികൾക്ക് വിധേയമായി കോടതി ഉത്തരവിനെ പരിഹസിക്കുകയാണ് കളക്ടർ ചെയ്തത് എന്ന് കോടതിയലക്ഷ്യ ഹർജിയിൽ പറയുന്നു. കോടതിയുടെ ഉത്തരവ് പ്രകാരം ഡാമിലേക്ക് ഒഴുകിവരുന്ന വെള്ളം അവിടെ കെട്ടി നിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ചുമതലയായിരുന്നു. അത് ചെയ്തിട്ടില്ല. കൂടിയ അളവിൽ ഡാമിൽ വെള്ളം നിലനിൽക്കുകയാണ്. പരിസരവാസികളുടെ ജീവൻ ഇതിനെത്തുടർന്ന് അപകടത്തിൽ ആയിരിക്കുകയാണ്. തുടങ്ങിയവയാണ് കോടതിയലക്ഷ്യ കേസിലെ മറ്റു പ്രധാന പരാതികൾ. അഡ്വക്കേറ്റ് എനോക് ഡേവീഡ് സൈമൺ ജോയൽ ആണ് പരാതിക്കാരനുവേണ്ടി കോടതിയിൽ ഹാജരായത്.
ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് പരിണമിച്ചിരിക്കുന്ന കേസിൻറെ ഉത്ഭവം 2017 ആയിരുന്നു. ആദിവാസികൾക്ക് കുടിവെള്ളം നൽകാൻ എനന പേരിൽ നീരൊഴുക്ക് തടഞ്ഞുനിർത്തി ഡാം നിർമിക്കുകയാണ് ഉണ്ടായത്. ദുരന്ത നിവാരണ നിയമപ്രകാരം ഡാം നിർമ്മാണത്തിനെതിരെ മലപ്പുറം കളക്ടർ കേസെടുക്കുകയും ഡാം നിർമ്മിച്ചവരുടെ സ്വന്തം ചെലവിൽ 14 ദിവസത്തിനകം ഡാം പൊളിച്ചുനീക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിൻറെ സമീപത്തും താഴെ ഭാഗത്തുമായി താമസിക്കുന്ന ആളുകളും ആദിവാസി കുടുംബങ്ങളും അപകടഭീഷണിയിൽ ആയതിനെ തുടർന്നായിരുന്നു കളക്ടറുടെ നടപടി. കളക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് 2018-ൽ ഡാമിലെ മുഴുവൻ വെള്ളവും രണ്ടാഴ്ചക്കുള്ളിൽ ഒഴുക്കിക്കളയാൻ ഉത്തരവിട്ടു. 10 മാസം കഴിഞ്ഞിട്ടും ഈ ഉത്തരവ് നടപ്പാക്കുക ഉണ്ടായില്ല.
ഇതേ തുടർന്ന് കോടതി വീണ്ടും ഇടപെടുകയും മലപ്പുറം കളക്ടറോട് ഡാം പൊളിച്ചു നിൽക്കുവാനും വെള്ളം ഒഴുകി കളയുവാനും ഉത്തരവിട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ 2019 അന്നത്തെ കളക്ടർ ജാഫർ മാലിക് ഡാമിൻറെ ഒരു ഭാഗം പൊളിച്ചു നീക്കുകയും വെള്ളം ഒഴുക്കി വിടുകയും ഉണ്ടായി. എന്നാൽ തടയണ പൂർണമായി നീക്കം ചെയ്തിരുന്നില്ല. ഇതിനിടയിൽ കോഴിക്കോട് ജില്ലയിൽ പ്രളയക്കെടുതിയിൽ പെട്ട് 14 പേർ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ സംഭവത്തെത്തുടർന്ന് തടയണയുടെ ബാക്കി ഭാഗങ്ങളും നീക്കം ചെയ്യുവാൻ കോടതി ഉത്തരവിട്ടു.
കലക്ടറുടെ ഉത്തരവിനെതിരെ നൽകിയ പരാതി 2020-ൽ ഡിവിഷൻബെഞ്ച് കേൾക്കുകയും ഡാമിൻറെ ബാക്കി ഭാഗങ്ങൾ പൊളിച്ചു കളയുവാനുള്ള തീരുമാനം ശരിവെക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷവും ഉത്തരവ് നടപ്പാക്കപ്പെടുക ഉണ്ടായില്ല. ജനുവരിയിൽ കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ കോടതിയലക്ഷ്യ ഹർജി വീണ്ടും ഹൈക്കോടതിയുടെ ബെഞ്ചിൽ എത്തിയിരിക്കുന്നത്.

