തിരുവനന്തപുരം: ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തിൽ മാറ്റം വേണമെങ്കിൽ പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും. വെർച്വൽ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീർഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ അല്ലെങ്കിൽ ആർ.ടി.പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക.

അഭിഷേകം ചെയ്ത നെയ്യ് എല്ലാവർക്കും കൊടുക്കുന്നതിന് ദേവസ്വംബോർഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദർശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ കഴിഞ്ഞ വർഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുൽമേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീർത്ഥാടകരെ അനുവദിക്കില്ല. പമ്പയിൽ സ്നാനത്തിന് അനുമതി നൽകും. വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ. അവിടെ നിന്ന് പമ്പ വരെ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉപയോഗിക്കണം. അതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റോപ്പുകളിൽ മതിയായ ശൗചാലയങ്ങൾ ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കും. അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത കെട്ടിടങ്ങളിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ  സ്ഥാപിക്കണം.

കോവിഡ്മുക്തരിൽ  അനുബന്ധരോഗങ്ങൾ ഉള്ളവർ ആരോഗ്യസ്ഥിതി പരിശോധിച്ച്  മാത്രമേ ദർശനത്തിന് വരാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായൺ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ദേവസ്വം ബോർഡ് ചെയർമാൻ എൻ. വാസു,  റെയിൽവേ – ബി.എസ്.എൻ.എൽ അധികൃതർ, ബന്ധപ്പെട്ട മുൻസിപാലിറ്റി-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധികൃതർ, അയ്യപ്പസേവാ സംഘം, പന്തളം രാജകൊട്ടാരം നിർവ്വാഹക സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം