ലക്നൗ: തന്നെപ്പോലെയുള്ളവരെയല്ല തടവിലിടേണ്ടത്, കർഷകരെ കാറിടിച്ച് കയറ്റി കൊന്നവനെയാണെന്ന് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് പൊലീസ് കരുതൽ തടവിലാക്കി 28 മണിക്കൂർ കഴിഞ്ഞ ശേഷം സ്വകാര്യ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ വിമർശനം.
അറസ്റ്റിനെ തുടർന്ന് നിരാഹര സമരം തുടങ്ങിയിരിക്കുകയാണ് പ്രിയങ്ക. പ്രതിപക്ഷ നേതാക്കളെ എഫ്.ഐ.ആർ പോലുമില്ലാതെ നിയമവിരുദ്ധമായി തടവിലിടുകയും കുറ്റവാളിയായ മന്ത്രിയുടെ പുറത്തുവിലസി നടക്കുകയും ചെയ്യുകയാണ്. കേന്ദ്രമന്ത്രി അജയ് ശർമ രാജിവെക്കാതിരിക്കുകയും മകനെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ നരേന്ദ്ര മോദി ലഖ്‌നൗവിൽ ആസാദി മഹോത്സവ് ആഘോഷിക്കുകയാണെന്നും അവർ വിമർശിച്ചു.
കർഷകരാണ് നമുക്ക് സ്വാതന്ത്ര്യം നൽകിയതെന്നും അവർ അനീതി നേരിടുമ്പോൾ ആഘോഷം നടത്താൻ നിങ്ങൾ എന്ത് ധാർമികതയാണുള്ളതെന്നും പ്രിയങ്ക ചോദിച്ചു. ലഖ്‌നൗവിൽ നടക്കുന്ന ആസാദി@75 ന്യൂ അർബൻ ഇന്ത്യ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെ വിമർശിച്ചായിരുന്നു അവരുടെ പ്രസ്താവന.
കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയതിനെ തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിലേക്ക് പോകവേ ഉത്തർപ്രദേശ് പൊലീസ് പ്രിയങ്ക ഗാന്ധിയെ കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്. സീതാപൂർ പോലീസ് കേന്ദ്രത്തിലാണ് പ്രിയങ്കയെ തടഞ്ഞുവെച്ചിരിക്കുന്നത്. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഒരാളെ പിടികൂടിയാൽ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കണമെന്നത് പാലിക്കപ്പെട്ടിട്ടില്ലെന്നും പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞു. ഇതുവരെ എഫ്.ഐ.ആർ തയാറാക്കിയിട്ടില്ലെന്നും ഇനി നിയമത്തിന്റെ വഴി നോക്കുമെന്നും അവർ പറഞ്ഞു.