ലണ്ടൻ: ലോക നേതാക്കളുടെ രഹസ്യസ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി പാൻഡോറ പേപ്പേഴ്സ്. വ്ലാദ്മിർ പുട്ടിനടക്കം 35 ലോകനേതാക്കൾ പട്ടികയിൽ. സച്ചിൻ ടെൻഡുൽക്കറുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 ലോകനേതാക്കൾ അടക്കമുള്ളവരുടെ വിവരങ്ങളാണ് പാൻഡോറ പേപ്പേഴ്സ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകള്‍ പുറത്തുവിട്ടു.
100 ശതകോടീശ്വരന്മാരും റഷ്യ, യുഎസ്, ഇന്ത്യ, പാകിസ്ഥാന്‍, യുഎസ്, യു.കെ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും, കായികതാരങ്ങളും സ്ഥാപനങ്ങളും പട്ടികയില്‍ ഉണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറുള്‍പ്പെടെ ഇന്ത്യക്കാരായ 300 പേര്‍ ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 60ഓളം പേരുകള്‍ രാജ്യത്തെ പ്രമുഖ വ്യക്തികളോ, കമ്പനികളോ ആണ്. അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്‌നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടേയും പേരുകള്‍ പേപ്പറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലോക രാജ്യങ്ങളിലെ 14 കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായി ഇവ ചോര്‍ത്തിയതായാണ് വിവരം.

