തിരുവനന്തപുരം : തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെ മുന്‍ഡിജിപി ബഹ്‌റക്ക് പരിചയപ്പെടുത്തിക്കൊടുത്തത് താനാണെന്ന് അനിത പുല്ലായില്‍. മോന്‍സുമായി ഇടഞ്ഞപ്പോള്‍ അനിത ഇയാളെ പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അനിതയുടെ പ്രതികരണം. തട്ടിപ്പ് മനസിലായപ്പോള്‍ അത് പോലീസിനെ അറിയിക്കുകയായിരുന്നെന്നും അതില്‍ കൂടുതല്‍ ബന്ധമൊന്നും മോന്‍സുമായി ഉണ്ടായിരുന്നില്ലെന്നും അനിത പറഞ്ഞു.
അവര്‍ പറയുന്നു : സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് താന്‍ മോന്‍സുമായി പരിചയപ്പെട്ടത്. അച്ഛന്റെ സംസ്‌കാര ചടങ്ങില്‍ വെച്ചാണ് ആദ്യമായി മോന്‍സനെ പരിചയപ്പെടുന്നത്. ബിസിനസ് ബന്ധങ്ങളൊന്നുമില്ല. പ്രവാസി മലയാളിയായി ബന്ധപ്പെട്ടുളള ബന്ധം മാത്രമാണ് അത്. രണ്ടുവര്‍ഷം മുമ്പ് ഒരു കൗതുകത്തിന് മ്യൂസിയം കാണിക്കാമെന്ന കരുതി മാത്രമാണ് താന്‍ ബഹ്‌റയെ മോന്‍സിന് പരിചയപ്പെടുത്തിയത്. എന്നാല്‍ ഇതിന് ശേഷം മോന്‍സിനെ സൂക്ഷിക്കണമെന്ന് ബഹ്‌റ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക്‌നാഥ് ബഹ്‌റയെ പരിചയപ്പെട്ടത് സംഘടനയുടെ ഭാഗമായാണ്.
ഒരു പെണ്ണിന്റെ സൗഹൃദം മലയാളികള്‍ എന്നും തെറ്റിദ്ധരിക്കാറുണ്ടെന്നും എന്നാല്‍ അത്തരത്തിലുളള ബന്ധമല്ല തനിക്ക് ലോക്‌നാഥ് ബഹ്‌റയുമായി ഉണ്ടായിരുന്നതെന്നും ഒരു കേസിന്റെ ഭാഗമായാണ് ആദ്യമായി ബഹ്‌റയെ വിളിക്കുന്നതെന്നും അനിത പറഞ്ഞു. ഫേസ് ബുക്ക് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തതുമായി ബന്ധ്‌പ്പെട്ടുളള കേസിലാണത്. തുടര്‍ന്ന് പലതവണ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട് .ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വെച്ചാണ് കാണുന്നത്.
സൗഹൃദം വളര്‍ത്തിയെടുക്കാന്‍ മോന്‍സന് പ്രത്യേകം കഴിവുണ്ട്. അത്തരത്തില്‍ മോന്‍സന്റെ സൃഹൃദത്തില്‍ പെട്ടുപോയ ആളാണ് താന്‍. ഇറ്റാലിയന്‍ പൗരനെയാണ് വിവാഹം ചെയ്‌തിരിക്കുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും ഇന്ത്യന്‍ പൗരത്വമാണ് സൂക്ഷിക്കുന്നതെന്നും അനിത പുല്ലായില്‍ വ്യക്തമാക്കി.

