മഞ്ചേരി: ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് .ഇടക്കാല അന്വേഷണ റിപ്പോർട്ട്. പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നുമാണ് 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. ഈ കേസിൽ പി വി അൻവർ എംഎൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി പി വിക്രമൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രധാന വെളിപ്പെടുത്തൽ. മംഗലാപുരം ബൽത്തങ്ങാടി താലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി വി അൻവറിന് വിൽപന നടത്തിയ കാസർഗോട്ട് സ്വദേശി കെ. ഇബ്രാഹിമിൽ നിന്നും 2021 സെപ്തംബർ 15ന് ഡിവൈഎസ്‍പി മൊഴി രേഖപ്പെടുത്തിയിരുന്നു
ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർ ഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി വി അൻവർ ഇടപാട് നടത്തിയത്. എന്നാൽ, ക്രഷർ സർക്കാരിൽ നിന്ന് പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി

