പാലക്കാട്: ‘ആസാദി കാ അമൃത് മഹോത്സവ്’: സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു

പാലക്കാട്: ദേശീയ ദുരന്ത നിവാരണ സേനയുടെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത മഹോത്സവ് ‘പരിപാടിക്ക് സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പനെ ആദരിച്ച് കൊണ്ട് തുടക്കമായി. രാജ്യത്ത് സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ആദരിക്കുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു. എടത്തറയിലെ പി.വി കണ്ണപ്പന്റെ വസതിയിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ.മണികണ്ഠൻ അധ്യക്ഷനായി.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക വേളയിൽ  ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളാണ് രാജ്യത്താകമാനം ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ സ്വാതന്ത്ര സമരസേനാനിയെ ആദരിച്ചത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലുള്ള  സ്വാതന്ത്ര്യ സമരസേനാനികളെയും ആദരിക്കും.

ജില്ലയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയാണ്  എടത്തറ സ്വദേശി  പി.വി കണ്ണപ്പൻ.  ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം അടുത്ത കാലത്ത് വരെ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. 93 വയസ്സായ പി.വി കണ്ണപ്പൻ നിലവിൽ എടത്തറയിൽ മകന്റെ കൂടെ വിശ്രമ ജീവിതത്തിലാണ്.  

പരിപാടിയിൽ പറളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ് കുമാർ, വാർഡ് അംഗം ലക്ഷ്മണൻ, പി.വി ചാമുണ്ണി, പാലക്കാട് ഡി.വൈ.എസ്.പി ഹരിദാസ് എന്നിവർ സംസാരിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം  ബറ്റാലിയൻ കമാന്റന്റ് കപിൽ വർമൻ, ഡെപ്യൂട്ടി കമാന്റന്റ് രാജൻ ബാലു എന്നിവർ എൻ.ഡി ആർ.എഫിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →