കാസർകോട്: ഡ്രൈവിങ് ലൈസൻസിന് വേണ്ടി പിരിച്ച കൈക്കൂലി പണം കൈയ്യോടെ പിടിച്ചെടുത്ത് വിജിലൻസ് സംഘം. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. 269860 രൂപയാണ് ഇവിടെ നിന്ന് പിടികൂടിയത്. മോട്ടോർ വാഹന ഇൻസ്പെക്ടർക്കും എസ്ആർടിഒയ്ക്കും വേണ്ടി നൗഷാദ് എന്നയാളാണ് പണം പിരിച്ചതെന്ന് വിജിലൻസ് വിഭാഗം അറിയിച്ചു
സാധാരണ 30 മുതൽ 40 പേർക്ക് വരെയാണ് ഇവിടെ ശരാശരി ടെസ്റ്റ് നടന്നിരുന്നത്. എന്നാൽ 2021 സെപ്തംബർ 29ന് 80 പേർക്ക് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതാണ് വിജിലൻസ് വിഭാഗത്തിന് സംശയം തോന്നാൽ കാരണം. ഇവിടെ ലേണേർസ് ലൈസൻസിന്റെ കാലാവധി തീരുന്നതിന് മുൻപ് ലൈസൻസ് എടുക്കാനെത്തിയ നിരവധി പേരുണ്ടായിരുന്നു. നാളെ ഭൂരിഭാഗം പേർക്കും ലേണേർസ് ലൈസൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലായിരുന്നു ഇവരെ കൂടി ഉൾപ്പെടുത്തി ടെസ്റ്റ് നടത്തിയത്.
എന്നാൽ ടെസ്റ്റിന് വന്നവരോട് ഏജന്റ് മുഖാന്തിരം ഉദ്യോഗസ്ഥർ പണം പിരിക്കുകയായിരുന്നു. ഡ്രൈവിങ് ടെസ്റ്റിന് തീയതി കുറിച്ച് കൊടുത്തതിനും ഡ്രൈവിങ് ലൈസൻസ് അനുവദിക്കാനുമാണ് കൈക്കൂലി നൽകിയത്. നൗഷാദ് എന്ന് പേരായ ഏജന്റിനെ സംഭവ സ്ഥലത്ത് നിന്നും പണവുമായി വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് സംഘം അറിയിച്ചു