ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക് 5 വാക്സിന്‍ വാങ്ങാനുള്ള തീരുമാനം റദ്ദാക്കി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍.വാക്സിനെടുക്കാന്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറവായതും വാക്സിന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതും പരിഗണിച്ചാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്നാണു സൂചന. എന്നാല്‍, സ്പുട്നിക്കിന് ആവശ്യക്കാര്‍ കുറവായതും സൂക്ഷിക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണു സ്വകാര്യ ആശുപത്രികളുടെ പിന്‍മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതീവ തണുത്ത ഊഷ്മാവിലാണ് സ്പുട്നിക് വാക്സിന്‍ സൂക്ഷിക്കേണ്ടത്. ഇതിനായി ആശുപത്രികള്‍ പ്രത്യേക സംവിധാനം ഒരുക്കേണ്ടതുമുണ്ട്. 2500 ഡോസ് സ്പുട്നിക് വാക്സിനുള്ള ഓര്‍ഡര്‍ റദ്ദാക്കിയതായി പുനെയിലെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളജ് ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതേന്ദ്ര ഓസ്വാള്‍ പറഞ്ഞു.
കഷ്ടിച്ച് ഒരു ശതമാനം ആളുകള്‍ മാത്രമാണു സ്പുട്നിക് വാക്സിന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി ചേര്‍ന്നാണു സ്പുട്നിക് വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ജൂണിനുശേഷം 9,43,000 ഡോസ് സ്പുട്നിക് വാക്സിന്‍ മാത്രമാണ് ആശുപത്രികള്‍ വാങ്ങിയത്.

