കൊച്ചി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നത് മലയാളികളാണെന്നും, കാരണം ഇവിത്തെ എല്ലാ തട്ടിപ്പുകളും സര്‍ക്കാര്‍ സംരക്ഷണത്തിലാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ ഭരിക്കുന്നവരും പ്രതിപക്ഷത്തുളളവരും, ഉദ്യോഗസ്ഥന്മാരും തട്ടിപ്പുകാര്‍ക്കൊപ്പമാണ്. ഓരോദിവസവും ഓരോ തട്ടിപ്പുകള്‍ കേരളത്തില്‍ പുറത്തുവരുന്നതായി അദ്ദേഹം പറഞ്ഞു ഏറ്റവും അവസാനത്തേതാണ് മോണ്‍സണ്‍ മാവുങ്കലിന്‍റേത്. എറണാകുളം ഉദയംപേരൂര്‍ ഫിഷര്‍മാന്‍ ലാന്‍ഡിംഗ് സെന്ററില്‍ നടന്ന കായല്‍ ശുചീകരണം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുുന്നു ബിജെപി അദ്ധ്യക്ഷന്‍.
പ്രധാനമന്ത്രി അമേരിക്കയില്‍പോയി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാജ്യത്തിന്റെ പുരാവസ്‌തുക്കള്‍ തിരിച്ചെത്തിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ വ്യാജ പുരാവസ്‌തുക്കള്‍ വിറ്റ് തട്ടിപ്പുനടത്തുന്ന കളളന്മാര്‍ക്ക് ചൂട്ടുപിടിക്കുകയാണ്. ഈ തട്ടിപ്പ് ഒരു വ്യക്തിമാത്രം നടത്തിയതല്ല. സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നത്. ഡിജിപിയുമായും എഡിജിപിയുമായും ബന്ധമുളള പ്രതിയെപ്പറ്റി കേരള പോലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവും ഇല്ല. ഈ കേസ് ഇഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡിജിപി പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
രാജ്യം മുഴുവന്‍ അഴിമതിക്കെതിരെ ശക്തമായ മുന്നേറ്റം നടക്കുമ്പോള്‍ കേരളത്തില്‍ അഴിമതിയുടെ കൂത്തരങ്ങാണ് കാണാന്‍ കഴിയുന്നത് നരേന്ദ്രമോദി രാജ്യത്തെ മുന്നോട്ടുനയിക്കുമ്പോള്‍ പിണറായി വിജയന്‍ സംസ്ഥാനത്തെ പിന്നോട്ടു നയിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എല്ലാ തലത്തിലും പ്രതിലോമ ചിന്തയാണ് പിണറായി സര്‍ക്കാരിനെ നയിക്കുന്നത്. കേന്ദ്രം കൊടുക്കുന്ന പണം വഴിമാറ്റി ചെലവഴിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്. ലോകം മുഴുവന്‍ ആചരിച്ച ടൂറിസം ദിനം കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

