സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരണപ്പെട്ടവരുടെ പട്ടിക പുതുക്കുന്നു

തിരുവനന്തപുരം. സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2021 ജൂണ്‍ 15 വരെ പല കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ട മരണങ്ങളാണ് പുതുക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌. ഇതോടെ 8000 മരണങ്ങള്‍ കൂടി കോവിഡ്‌ മരണക്കണക്കുകളില്‍ ഉള്‍പ്പെടും. പട്ടിക പുതുക്കുന്നതോടെ സംസ്ഥാനത്തെ കോവിഡ്‌ മരണങ്ങളുടെ കണക്ക്‌ ഔദ്യോഗികമായി 33,000 ആകും. നിലവില്‍ 24,810 ആണ്‌. ജില്ലാ തലത്തില്‍ മരണക്കണക്കുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതിന്‌ മുമ്പുളളവയാണ്‌ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്‌. ഇതിന്റെ ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങും.

കോവിഡ്‌ മരണങ്ങള്‍ സംസ്ഥാനം മറച്ചുവയ്‌ക്കുന്നതായി നേരത്തെ നിയമ സഭയില്‍ ഉള്‍പ്പടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോവിഡ്‌ ബാധിച്ച്‌ 30 ദിവസത്തിനകമുളള മരണങ്ങളെല്ലാം കോവിഡ്‌ മരണങ്ങളായി കണക്കാക്കണമെന്നും 50,000രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നുളള കേന്ദ്ര നിര്‍ദ്ദേശവും വന്നിരുന്നു. ഇതേ തുടര്‍ന്നാണ്‌ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. സുപ്രീം കോടതി ഇടപെലിനെ തുടര്‍ന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്‌.

പട്ടിക പുതുക്കുകയും 8000 മരണങ്ങള്‍ കൂടി ഉള്‍പ്പെടുകയും ചെയ്യുന്നതോടെ കേരളത്തിന്‌ നഷ്ടപരിഹാരം നല്‍കാന്‍ 164 കോടിരൂപ ആവശ്യമായി വരും. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ ഏകദേശം 160 കോടിരൂപയാണ്‌ ബാക്കിയുളളത്‌. നഷ്ടപരിഹാര അപേക്ഷകളിലെ നടപടിക്ക്‌ പ്രത്യേക കമ്മറ്റികള്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →