തിരുവനന്തപുരം: ഹാരിസൺസ് കേസ് അട്ടിമറിക്കാൻ സംസ്ഥാന
സർക്കാർ ശ്രമിക്കുകയാണെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രൻഡിന്റെ ഭൂസമരസമിതി .
വ്യാജ രേഖകളുടെ പിൻബലത്തിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്തിയ ഹാരിസൺസ് കമ്പനിക്കെതിരെ വ്യാജരേഖകൾ നിർമ്മിച്ചതിനും ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് ഭൂമി വില്പന നടത്തിയതിനും എതിരെ മുൻ റവന്യു വകുപ്പ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ അന്വഷണത്തിന് ഉത്തരവിട്ട വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി കൊണ്ടിരിക്കുന്നതെന്ന് ഭൂസമരസമിതി പ്രസ്താവനയിൽ ആരോപിച്ചു.
നിവേദിത.പി.ഹരൻ ,ജസ്റ്റിസ് മനോഹരൻ കമ്മീഷൻ, ഡോ. സജിത് ബാബുവിന്റെ ‘ നേതൃത്വത്തിലുള്ള ഉന്നത അധികാര സമിതി , എം.ജി .രാജമാണിക്യം റിപ്പോർട്ട്, ക്രൈംബ്രാഞ്ച്-വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങി എല്ലാ റിപ്പോർട്ടുകളിലും സർക്കാരിൽ നിക്ഷിപ്തമാണന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട ഭൂമിയാണ് ,വ്യാജ രേഖകൾ ചമച്ച് നിയമവിരുദ്ധമായി ഹാരിസൺസ് കൈവശപ്പെടുത്തിയിരിക്കുന്നത്.
ഹാരിസൺ കമ്പനിയുടെ നിയമവിരുദ്ധമായ നടപടികൾക്കെതിരെ ,വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾക്ക് എതിരെയാണ് വിജിലൻസ് കോടതിയിൽ കേസ്സ് .2013 ൽ വിജിലൻസ് ഡി വൈ എസ് പി ആയിരുന്ന എൻ നന്ദനൻപ്പിള്ള സമർപ്പിച്ച എഫ് ഐ ആറിൽ ഹാരിസൺ കൈവശം വച്ചു കൊണ്ടിരിക്കുന്ന ഭൂമിക്ക് ഹാജരാക്കിയ രേഖ, (1923 ലെ 1600 ആം നമ്പർ പ്രമാണ രേഖ) വ്യജമാണന്ന് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രമാണത്തിലെ തിരുത്തലുകളും കൂട്ടി ചേർക്കലുകളും വ്യത്യസ്ത മഷി ഉപയോഗിച്ച് പിൽക്കാലത്ത് നടത്തിയാതാണന്ന് കണ്ടെത്തി. സ്റ്റാന്റേഡ് മുദ്രകളിലെ കൃതൃമത്വം, രേഖകളുടെ കാലപ്പഴക്കത്തിലുള്ള , പ്രമാണത്തിലെ ഭാഷ , തുടങ്ങി 63 കാര്യങ്ങളിലെ കൃതൃമത്വം വ്യക്തമാക്കിയതാണ്.ഈ വ്യാജ രേഖ ചമച്ച കേസിൽ തുടർ നടപടി ഉപേക്ഷിക്കാനുള്ള നീക്കമാണ് റവന്യൂ വകുപ്പു പോലും അറിയാതെ പിണാറായി വിജിലൻസ് വകുപ്പിനെ ഉപയോഗിച്ച് നടത്തുന്നത്. ഹൈദ്രാബാദിലെ ഫോറൻസിക് ഡപ്യൂട്ടി ഡയറക്ടർ എസ്സ്.അപർണ്ണ ഒപ്പുവെച്ച റിപ്പോർട്ട് പോലും കോടതിയിൽ ഹാജരാക്കാതെ സർക്കാർ കമ്പനിയെ സഹായിക്കുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.
സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 12 ന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്തുമെന്നും ഭൂസമരസമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.

