ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ സഹകരണ നയം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളുമായി തര്‍ക്കങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനങ്ങളുടെ വാദത്തിന് നിയമപരമായ മറുപടിയുണ്ടാകുമെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 65000ത്തോളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് രാജ്യത്തുള്ളത്. ഡല്‍ഹിയില്‍ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ജൂലൈയിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി കേന്ദ്ര സഹകരണ മന്ത്രാലയം തുടങ്ങിയത്.