തിരുവനന്തപുരം: സുരേഷ് ഗോപി ബി ജെ പി സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും പി കെ കൃഷ്ണദാസിന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി രണ്ട് ചേരിയായി നില്‍ക്കെ മുരളീധര പക്ഷക്കാരനായ നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റണമെന്ന് മുറവിളി ഉയരുന്നതിനിടെയാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്.പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ഏറെ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് കേന്ദ്ര നീക്കം. ഇന്ന് ഡല്‍ഹിക്ക് തിരിക്കുന്ന സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും. കെ സുരേന്ദ്രന് പകരം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തിക്കുന്നത് പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ അടുപ്പിക്കാന്‍ സഹായിക്കുമെന്ന് നേതൃത്വം കരുതുന്നതായി സൂചനയുണ്ട്. നേരത്തേ പി എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച സാഹചര്യത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപിയെ നിയമിക്കുന്നതിന് കേന്ദ്ര നേതൃത്വം ആലോചിച്ചിരുന്നുവെങ്കിലും അദ്ദേഹം താത്പര്യം കാണിച്ചിരുന്നില്ല.ഇപ്പോഴും സമാന നിലപാട് തന്നെയാണ് സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.
സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം
