തൃശ്ശൂർ: മുരിങ്ങയിലയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയ്യാറാക്കി ഒല്ലൂര്‍ കൃഷി സമൃദ്ധി. കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂര്‍ കൃഷി സമൃദ്ധി കര്‍ഷക സംഘ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്. മുരിങ്ങയിലയില്‍ നിന്നുള്ള മൂന്ന് ഉല്‍പന്നങ്ങളായ മുരിങ്ങ പൗഡര്‍, മുരിങ്ങ റൈസ് പൗഡര്‍, മുരിങ്ങ സൂപ്പ് പൗഡര്‍ എന്നിവയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്നത്.
ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂര്‍, നടത്തറ, മാടക്കത്തറ പഞ്ചായത്തുകളില്‍ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി 10,000 മുരിങ്ങ തൈകള്‍ വിതരണം ചെയ്തിരുന്നു. ജെ എല്‍ ജി ഗ്രൂപ്പുകളും മറ്റ് കര്‍ഷകരും നട്ടുവളര്‍ത്തിയ മുരിങ്ങയില കിലോയ്ക്ക് 30 രൂപ നല്‍കിയാണ് സംഭരിക്കുന്നത്. മുരിങ്ങകൃഷിയുടെ മൂല്യവര്‍ധന രീതികളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വഴിയാണ് പരിശീലനം നല്‍കിയത്.
മരോട്ടിച്ചാല്‍ അമൃത കിരണം സ്വയം സഹായ സംഘം വഴിയാണ് മുരിങ്ങയിലപ്പൊടി, മുരിങ്ങ അരിപ്പൊടി, മുരിങ്ങ സൂപ്പ് പൊടി എന്നീ മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന് പുറമെ മുരിങ്ങയില ഉപയോഗിച്ച് രസം പൗഡര്‍, ചമ്മന്തിപ്പൊടി, ചൂര്‍ണം, പായസം മിക്‌സ് എന്നിവ തയ്യാറാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്. വര്‍ഷം മുഴുവന്‍ വരുമാനദായകമായ വിളയെന്ന നിലയില്‍ മുരിങ്ങ കൃഷി കര്‍ഷകര്‍ക്ക് പ്രയോജനകരമായി മാറുകയാണെന്ന് ഒല്ലൂര്‍ കൃഷി സമൃദ്ധി കണ്‍വീനര്‍ പി സത്യവര്‍മ പറഞ്ഞു.
റവന്യൂ മന്ത്രി കെ രാജന്‍ ചെയര്‍മാനായുള്ള ഒല്ലൂര്‍ കൃഷി സമൃദ്ധി വിള വൈവിധ്യവല്‍ക്കരണം മുന്നില്‍ കണ്ട് ആവിഷ്‌ക്കരിച്ചപദ്ധതിയാണ് പോഷക സമൃദ്ധി. ഒല്ലൂര്‍ കൃഷി സമൃദ്ധിയിലെ 49 കര്‍ഷക ഗ്രൂപ്പുകളുടെയും കുടുംബശ്രീയുടെയും കരുത്തില്‍ മുരിങ്ങയില ഉല്‍പന്നങ്ങള്‍ വിദേശ വിപണിയുടെയും ഭാഗമാകാന്‍ ഒരുങ്ങുകയാണ്. പോഷക സമൃദ്ധി പദ്ധതിയുടെ ഉല്‍പന്ന സമാരംഭം സെപ്റ്റംബര്‍ 25 ന് രാവിലെ 11 മണിക്ക് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൃഷി മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് മുഖ്യാതിഥിയാകും.