കോഴിക്കോട് : പാലാബിഷപ്പിന്റെ ജിഹാദ് പ്രസ്‌താവന പിന്‍ വലിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ലൗ ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ സമീപനം ഇരട്ടത്താപ്പാണെന്നും നേതാക്കള്‍ പറഞ്ഞു. പര മതനിന്ദയുളള ഏതുപ്രവര്‍ത്തിയേയും തളളിക്കളയാനും സാഹോദര്യം നിലനിര്‍ത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി. സാമുദായിക ധൃപീകരണം ശക്തിപ്പെടുത്തുന്ന പരാമര്‍ശം പാലാബിഷപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാായത് ഗൗരവതരമാണെന്നും സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രസ്‌താവന ലക്ഷ്യം വച്ചത് മുസ്ലീം സമുദായത്തെയാണെന്ന് വ്യക്തമായിട്ടും പക്വതയോടെയുളള സമീപനമാണ് സമുദായ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതേനാണയത്തില്‍ തിരിച്ചടിക്കുന്ന രീതി അവലംബിച്ചില്ല. സമാന പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ആവര്‍ത്തിച്ചുകൂട. യോഗം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നത് ഭൂഷണമല്ല. കീഴ് വഴക്കമനുസരിച്ച് നടപടിയെടുക്കണം. സര്‍വകക്ഷി യോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

