പാലക്കാട്: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടന്ന ദിദ്വിന കയാക്കിങ് ഫെസ്റ്റ് സമാപിച്ചു. ജില്ലയിൽ ആദ്യമായി സംഘടിപ്പിച്ച ഫെസ്റ്റിൽ 300 പേർ കയാക്കിങ് ആസ്വദിക്കാനെത്തി. പൂർണ്ണമായും സുരക്ഷിതത്വം ഉറപ്പാക്കിയാണ് കയാക്കിങ്ങ് നടന്നത്. ഭാരതപ്പുഴയുടെ കയാക്കിങ്ങ് സാധ്യതകൾ ലോക ഭൂപടത്തിൽ എത്തിക്കുന്നതോടൊപ്പം ഭാരതപ്പുഴയുടെ ശുചീകരണം എന്ന ലക്ഷ്യത്തിന് തുടക്കമിട്ടാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഒരാൾക്ക് ഇരിക്കാവുന്ന അഞ്ച് ബോട്ടുകളും രണ്ട് പേർക്ക് ഇരിക്കാവുന്ന അഞ്ച് ബോട്ടുകളും ഒരുക്കിയിരുന്നു.