തേഞ്ഞിപ്പലം : യുവ അഭിഭാഷകന്റെ അപകടമരണത്തിനിടയാക്കി നിർത്താതെപോയ ലോറി തേഞ്ഞിപ്പലം പൊലീസ് കണ്ടെത്തി. ഡ്രൈവർ തിരുവനന്തപുരം പെരുമാൻതുറ തെരുവിൽ തൈവിലാഗം വീട്ടിൽ മുസ്തഫ (29)യെ അറസ്റ്റ് ചെയ്തു.
വഴിക്കടവ് സ്വദേശി അഡ്വ. ഇർഷാദ് കാരാട (32)ന്റെ മരണത്തിനിടയാക്കിയ ലോറിയാണ് തിരുവനന്തപുരത്തുവച്ച് പിടികൂടിയത്. അപകടം നടന്ന് 40 ദിവസംകൊണ്ടാണ് ലോറി കണ്ടെത്തി പ്രതിയെ പിടികൂടിയത്.
ആഗസ്ത് 10ന് പുലർച്ചെ 12.40ഓടെയാണ് ദേശീയപാതയിൽ ചെട്ട്യാർമാട് പെട്രോൾ പമ്പിന് സമീപം അപകടം നടന്നത്. കോഴിക്കോട്ടുനിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ഇർഷാദ് ഓടിച്ച മോട്ടോർ സൈക്കിളിൽ ഇടിച്ച ലോറി നിർത്താതെ പോകുകയായിരുന്നു.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് മത്സ്യം കയറ്റി വരികയായിരുന്നു ലോറി. ദേശീയപാത വികസനം കാരണം കടകളിൽ സ്ഥാപിച്ച നിരവധി സിസിടിവികൾ പൊളിച്ചുമാറ്റിയതുകാരണം വാഹനം കണ്ടെത്താൻ വലിയ പ്രയാസം നേരിട്ടു.
ദേശീയപാതയിലെ തലപ്പാറ മുതൽ രാമനാട്ടുകര കടവ് റിസോർട്ട് വരെയുള്ള ലഭ്യമായ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും, അപകടം നടന്നശേഷം കടന്നുപോയ തിരുവനന്തപുരം മുതൽ കാസര്‍കോട് വരെയുള്ള നിരവധി വാഹനങ്ങൾ കണ്ടുപിടിച്ചും പരിശോധന നടത്തിയുമാണ് അപകടത്തിനിടയാക്കിയ ലോറിയും ഓടിച്ച ഡ്രൈവറേയും കണ്ടെത്തിയത്.
സംഭവത്തിന് ശേഷം മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ്, കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് എന്നിവരുടെ നിർദേശപ്രകാരം അന്വേഷകസംഘം രൂപീകരിച്ചിരുന്നു. തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ എൻ ബി ഷൈജു, എസ്ഐ പി സംഗീത്, എസ്ഐ സി ശാഹുൽ ഹമീദ്, എഎസ്ഐ വി പി രവീന്ദ്രൻ, സിപിഒ എം മുഹമ്മത് റഫീക്ക്, ഹോം ഗാർഡ് മണികണ്ഠൻ എന്നിവരാണ് അന്വേഷണം നടത്തിയത്.