പോലീസുകാരനെ അക്രമിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും പിഴയും വിധിച്ചു

കോട്ടയം : വധശ്രമക്കസില്‍ അറസ്‌റ്റ്‌ ചെയ്യാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസില്‍ ഉല്ലല ഓണിശേരി ലക്ഷം വീട്‌ കോളനിയില്‍ അഖിലിന്‌(ലങ്കോ)20 വര്‍ഷം തടവും പിഴയും വിധിച്ചു. അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി ജോണ്‍സണ്‍ ജോണ്‍ ആണ്‌ ശിക്ഷ വിധിച്ചത്‌. വൈക്കം പോലീസ്‌ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ സി.ടി റെജിമോനെയാണ്‌ പ്രതി ആക്രമിച്ചത്‌.

2012 ഒക്ടോബര്‍ ആറിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. വധശ്രമക്കേസില്‍ അഖിലിനെ അറസ്റ്റ്‌ ചെയ്യാന്‍ തലയാഴം കൂവം ഭാഗത്തുളള വീട്ടില്‍ റെജിമോന്‍ ഉള്‍പ്പെടയുളള പോലീസ്‌ സംഘം എത്തി. പോലീസിനെ കണ്ട അഖില്‍ ഓടിയതിനെ തുടര്‍ന്ന്‌ റെജിമോന്‍ പിന്നാലെ ഓടുകയായിരുന്നു. ഇതിനിടെ പാടശേഖരത്തില്‍ കുത്തി നിര്‍ത്തിയിരുന്ന മരക്കൊമ്പ്‌ ഊരി അഖില്‍ റെജിമോനെ അടിച്ചു. റെജിമോന്റെ ദേഹത്ത്‌ കയറിയിരുന്ന്‌ കണ്ണുകളില്‍ വിരല്‍ കുത്തിയിറക്കി തൊണ്ടക്കുഴിയില്‍ കൈമുട്ട്‌ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. നെഞ്ചില്‍ കടിച്ചുമുറിച്ചു. പിന്നാലെയെത്തിയ പോലീസ്‌ സംഘമാണ്‌ റെജിയെ രക്ഷിച്ചത്‌. പരിക്കേറ്റ റെജിമോന്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി 26 കേസുകളുണ്ട്‌. വൈക്കം സിഐ ആയിരുന്ന എസ്‌ പ്രദീപാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. 15 സാക്ഷികളെ വിസ്‌തരിച്ചു. 4 തൊണ്ടി മുതലുകളും ഹാജരാക്കി.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ കെ ജിതേഷ്‌ ഹാജരായി. കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ റെജിമോന്‍ പറഞ്ഞു. കടിച്ചുപറിച്ച പാടുകള്‍ ഇന്നും ദേഹത്തുണ്ട്‌. പിഴയായി വിധിച്ച 75,000രൂപ പ്രതി നല്‍കിയാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നല്‍കുമെന്ന്‌ റെജിമോന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →