തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും വി. ഡി. സതീശനും സംയുക്തമായി 19/09/21 ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നമോ ടി.വി എന്ന ഓണ്‍ലൈന്‍ ചാനലിനെ പേരെടുത്തു പറഞ്ഞായിരുന്നു വി. ഡി. സതീശന്റെ പ്രതികരണം. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘സൈബറിടങ്ങളിലെ പ്രചാരണമാണ് പ്രശ്നം വഷളാക്കുന്നത്. സര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടു. ഒരു നടപടിയുമില്ല. നമോ ടി.വിയെന്ന് പറയുന്നൊരു വീഡിയോ കണ്ടു. ഒരു പെണ്‍കുട്ടി വന്ന് പച്ചത്തെറി പറയുകയാണ്,’ വി.ഡി. സതീശന്‍ പറഞ്ഞു.
‘സൈബര്‍ സെല്ലിന്റെ ചുമതലയുള്ള മനോജ് എബ്രഹാമിന് ഞാനത് അയച്ചുകൊടുത്തു. ഒരു നടപടിയുമില്ല. വെളളത്തിന് തീപിടിപ്പിക്കുന്ന വര്‍ത്താനം പറഞ്ഞ് കേരളത്തിലെ സാമൂഹ്യാന്തരക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വേറൊരു നാട്ടിലും ഇത് സമ്മതിക്കില്ല. ഇവിടെ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നിക്കുകയാണ്. നിലപാട് ഇല്ലായ്മയാണ് ഈ സര്‍ക്കാരിന്റെ നിലപാട്. ഓരോ വിഭാഗത്തിലും പെട്ട ആളുകളെ പോയി കണ്ടിട്ട് പുറത്തിറങ്ങിവന്ന് അവരെ സന്തോഷിപ്പിക്കുന്ന വര്‍ത്തമാനമാണോ നമ്മള് പറയേണ്ടത്’ എന്നും വി.ഡി.സതീശന്‍ പറഞ്ഞു.

