കോഴിക്കോട്: “ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്” ഡിസംബറിൽ

കോഴിക്കോട്: വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന “ബേപ്പൂർ ഇന്റർനാഷണൽ  വാട്ടർ ഫെസ്റ്റ് ” ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കോഴിക്കോട് ജില്ലാ ഭരണകൂടവും യോജിച്ചാകും രാജ്യാന്തര ശ്രദ്ധയാകർഷിക്കും വിധം അന്താരാഷ്ട്രാ ജലമേള സംഘടിപ്പിക്കുകയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. ഈ വർഷം ഡിസംബറിൽ തന്നെ ആരംഭിക്കുന്നതിനായുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കും.  ഇതിന്റെ കരട് രേഖ പദ്ധതി പ്രഖ്യാപന യോഗത്തിൽ അവതരിപ്പിച്ചു. ഈ മാസം 30 നകം മാസ്റ്റർ പ്ലാൻ തയാറാക്കി ഒക്ടോബർ ആദ്യവാരം പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതിയും നിലവിൽ വരും. രാജ്യാന്തര തലത്തിൽ ശ്രദ്ധയാകർഷിക്കപ്പെടുന്നതും ജല കായിക വിനോദ രംഗത്തെ സർവ്വ സാധ്യതകളേയും പരമാവധി പ്രയോജനപ്പെടുത്തിയും പുതിയൊരു തുടക്കമാണ് ഈ അന്താരാഷ്ട്രാ വാട്ടർ ഫെസ്റ്റ് എന്നും മന്ത്രി പറഞ്ഞു.

ചാലിയാർ കേന്ദ്രീകരിച്ച് ബേപ്പൂർ പുലിമുട്ട് ടൂറിസ്റ്റ് കേന്ദ്രം മുതൽ 10 കിലോമീറ്ററോളം ദൈർഘ്യത്തിലാണ്  ജലമേളയും അനുബന്ധ കായിക – വിനോദ പരിപാടികളും സംഘടിപ്പിക്കുക. വിവിധയിനം വള്ളം കളി മത്സരങ്ങൾക്കു പുറമെ അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച കയാക്കിംങ്, കനോ യിംങ്, വാട്ടർ പോളോ, പാരാ സെയിലിംങ്, സ്പീഡ് ബോട്ട് റെയ്സ്, വാട്ടർ സ്കിയിംങ്, പവർ ബോട്ട് റെയ്സിംങ്, യാട്ട് റെയ്സിംങ്, വുഡൻ ലോഗ്  റെയ്ഡിംങ്, ടിമ്പർ റാഫ്റ്റിംങ്, പരമ്പരാഗത പായ വഞ്ചിയോട്ടം തുടങ്ങിയ ദേശീയ-അന്തർ ദേശീയ മത്സര ഇനങ്ങളും ഒളിംബിക്സ് മത്സര ഇനങ്ങളും ഉൾപ്പെടുത്താൻ ആലോചനയുണ്ട്. ഇതോടൊപ്പം എല്ലാ വിഭാഗമാളുകൾക്കും ആസ്വാദ്യകരമായ ഫ്ലോട്ടിംങ് സംഗീത പരിപാടികൾ, ലൈറ്റ് ഷോകൾ, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും. 

പദ്ധതി പ്രഖ്യാപന യോഗത്തിൽ ജില്ലാ കലക്ടർ  ഡോ.എൻ .തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടർ  ചെൽസ സിനി, ഡിടിപിസി സെക്രട്ടറി ബീന  ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഹാർബർ എഞ്ചിനീയറിംങ്ങ് എക്സി.എഞ്ചിനീയർ ടി. ജയദീപ് കരട് രേഖ അവതരിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →