തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഏകദേശം ഒന്നരവർഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്.
സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശവും ഏതൊക്കെ ക്ലാസുകളിലാണ് അധ്യയനം ആരംഭിക്കേണ്ടത് എന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
സ്കൂളുകൾ തുറക്കുന്ന കാര്യം ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി വിഷയത്തിൽ സർക്കാർ ചർച്ച നടത്തുകയും ചെയ്തിരുന്നു.

