താമരശേരി : വേദപാഠപുസ്‌തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് താമരശേരി രൂപത. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊളളിച്ച പുസ്‌തകത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പരാമര്‍ശം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുസ്ലീം നേതാക്കളുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം.
ബിഷപ്പിന്റെ താല്‍പര്യപ്രകാരം ഡോ.എംകെമുനീര്‍ എംഎല്‍എയാണ് യോഗത്തിന് മുന്‍കൈ എടുത്തത്. താമശേരി രൂപത വിശ്വാസ പരിശീലന കേന്ദ്രം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രസിദ്ധീകരിച്ച സത്യങ്ങളും വസ്‌തുതകളും 33 ചോദ്യങ്ങളും എന്ന പുസ്‌തകത്തിലാണ് അടിസ്ഥാന രഹിതമായ വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊളളിച്ചിരുന്നത്. പുസ്‌തകത്തിലെ പരാമര്‍ശത്തില്‍ മുസ്ലീം സമുദായത്തിനുണ്ടായ വേദനയില്‍ ബിഷപ്പ് ഖേദം പ്രടിപ്പിച്ചു.
സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താനും സാമൂഹിക തിന്മകള്‍ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കാനും നേതാക്കള്‍ തീരുമാനിച്ചു. ഡോ.എംകെ മുനീര്‍, ഡോ.ഹുസൈന്‍ മടവൂര്‍,നാസര്‍ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്‌നുഹംസ, വി.എം.ഉമ്മര്‍ എംഎയൂസഫ് ഹാജി, സഹറുദ്ദീന്‍ പുല്ലാളൂര്‍, മോണ്‍. ജോണ്‍ ഒറവുങ്ങര ,ഫാ.ബെന്നി മുണ്ടനാട്ട്, അബ്ദുള്‍കരിം ഫൈസി, സിടി ടോം, മാര്‍ട്ടിന്‍ തോമസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പുസ്‌തകം വിവാദമായതോടെ താരശേരി രൂപത കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി രൂപത വ്യക്തമാക്കി. ഏതെങ്കിലും മതവിഭാഗത്തോടുളള എതിര്‍പ്പുകൊണ്ടല്ല ക്രിസ്‌ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു കൈപ്പുസ്‌തകം ഇറക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് താമരശേരി രൂപതാ മതബോധന കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
രൂപതക്ക് ഏതെങ്കിലും വിശ്വാസത്തോടോ മതത്തോടോ വിവേചനമോ അസഹിഷ്‌ണതയോ ഇല്ല .വിശ്വാസ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും ക്രൈസ്‌തവ യുവജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും മതബോധന വിദ്യാര്‍ത്ഥികളുടെ സംശയനിവാരണത്തിനും ആയി ഇറക്കിയതാണ് പുസ്‌തകമെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മതസൗഹാര്‍ദ്ദത്തിനെതിരെയുളള എല്ലാ തെറ്റായ പ്രബോധനങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും സമുദായസൗഹാര്‍ദ്ദം തകര്‍ക്കാനുളള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സൗഹാര്‍ദ്ദം വളര്‍ത്താന്‍ എല്ലാവരും പരിശ്രമിക്കണമെന്നും മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പളളിക്കാ വയലില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാര്‍ഗമാണ് ലൗവ് ജിഹാദെന്ന പ്രണയ കുരുക്കെന്ന് പുസ്‌തകത്തില്‍ പറഞ്ഞിരുന്നു. മുസ്ലീം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്നതും ആഘോഷ വേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലൗവ് ജിഹാദിന്‍റെ വിവിധഘട്ടങ്ങളായി കൈപ്പുസ്‌തകം പരിചയപ്പെടുത്തുന്നു.
പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതന്മാര്‍ ആഭിചാരം നടത്തുന്നതായി പുസ്‌തകം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്‌തുളോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്ലീം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം ,സമ്മാനം , സാധാരണ സ്‌പര്‍ശനം പോലും വശീകരണത്തിന് കാരണമാവാമെന്നും മുന്നറിയിപ്പ നല്‍കിയിരുന്നു. ബന്ധന പ്രാര്‍ത്ഥനവഴി ഈ വശീകരണത്തില്‍ നിന്ന് രക്ഷതേടാമെന്നും കൈപ്പുസ്‌തകം പറയുന്നു. പുസ്‌തകത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് ഈ ഭാഗങ്ങള്‍ പിന്‍വലിച്ചത്.

