തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കണമെങ്കിൽ കേന്ദ്രം സെസ് കുറയ്ക്കണമെന്നും ധനമന്ത്രി 18/09/21 ശനിയാഴ്ച പറഞ്ഞു.
ഇന്ധനവില ജിഎസ്ടിയിൽ കൊണ്ടുവരേണ്ടതില്ല എന്നാണ് കൂടുതൽ സംസ്ഥാനങ്ങളുടെയും അഭിപ്രായം. ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
നിലവിൽ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രസർക്കാർ ചുമത്തുന്നുണ്ട്. ഇത് കുറക്കാൻ തയാറായാൽ പെട്രോൾ, ഡീസൽ വില കുറയും. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ നിലവിൽ ഇന്ധന നികുതിയിലൂടെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വരുമാനം പകുതിയായി കുറയും.
വരുമാനത്തിന്റെ പകുതി കേന്ദ്രസർക്കാറിനാകും ലഭിക്കുക. മദ്യവും പെട്രോളും ഡീസലിന്റെയും നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സർക്കാറിന് തന്നെ നൽകുന്നതാണ് നല്ലതെന്ന് ജി.എസ്.ടി കൗൺസിലിൽ കേരളം വാദിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.