കാര്‍ഷിക മേഖലയില്‍ മികച്ച വരുമാനം ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നു: മന്ത്രി പി. പ്രസാദ്
പത്തനംതിട്ട: കാര്‍ഷിക മേഖലയില്‍ ആധുനികവത്ക്കരണവും യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കൃഷി അനുബന്ധ മേഖലയില്‍ മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമണ്‍ ചേരുവ പാടശേഖരത്ത് വിത്തിടീല്‍ മഹോത്സവത്തിന്റെ ഭാഗമായി ഉത്തമ കാര്‍ഷിക മുറകള്‍ പ്രകാരം തയാറാക്കിയ, കൊടുമണ്‍ റൈസ് ബ്രാന്‍ഡിന് വേണ്ടിയുള്ള മനുരത്‌ന ഇനം വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണം കഴിക്കാതെ മനുഷ്യന് ഭൂമിയില്‍ കഴിയാന്‍ സാധിക്കില്ല. പുതുതലമുറ കൃഷിയെ കൈയൊഴിയാതിരിക്കാനും കര്‍ഷകര്‍ക്ക് ഗുണകരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൃഷിയില്‍ നിന്ന് കര്‍ഷകന് 50 ശതമാനം വരുമാനം ഉറപ്പാക്കുന്നതിന് ഉത്പാദനം, സംസ്‌ക്കരണം, വിപണനം എന്നീ മേഖലയില്‍ കാലോചിതമായ നവീകരണം സര്‍ക്കാര്‍ നടപ്പാക്കി വരുന്നു. കൊടുമണ്‍ റൈസ് എന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ബ്രാന്‍ഡ് കേരളം ഏറ്റെടുത്തുകഴിഞ്ഞു. വിഷരഹിതമായ അരിയും,പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് അത്യാവശമാണ്.
കഴിഞ്ഞ ഓണക്കാലത്ത് പച്ചക്കറി ഉത്പാദനത്തില്‍ കേരളം അടുത്തകാലത്തെ ഏറ്റവും വലിയ വിജയം നേടി. വിഷരഹിതമായ ഭക്ഷ്യ വസ്തുകളുടെ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്ത നേടുന്നതിന് ബൃഹത്തായ പദ്ധതികളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നത്. നെല്‍കൃഷിക്ക് അനുയോജ്യമായ തരിശുനിലങ്ങള്‍ വിഷരഹിത നെല്ല് ഉത്പാദത്തിന് ഉപയോഗിക്കാന്‍വേണ്ടി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ വലിയ ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തരിശ് കിടന്ന കൃഷി ഭൂമിയില്‍ കൃഷി ഇറക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ വിജയം നേടുകയും പുതുതലമുറയ്ക്ക് ഉള്‍പ്പെടെ കൃഷിയില്‍ നിന്ന് ഫലവത്തായ വരുമാനം നേടാനായതായും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കൊടുമണ്‍ റൈസ് എന്ന ബ്രാന്‍ഡ് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതിന് ഉതകുന്ന ഉത്പാദന, സംസ്‌ക്കരണ, വിപണന മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തതായി അറിയുന്നതില്‍ സന്തോഷമുള്ളതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണിലെ കര്‍ഷക തൊഴിലാളികളെയും, കൊടുമണ്‍ കാര്‍ഷിക കര്‍മ്മ സേനാ പ്രവര്‍ത്തകരെയും മന്ത്രി പി. പ്രസാദും, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും ചേര്‍ന്ന് ആദരിച്ചു. കൊടുമണ്‍ കാര്‍ഷിക കര്‍മ്മ സേന ഉത്പാദിപ്പിച്ച വിവിധ തൈകള്‍ കൃഷിക്കാര്‍ക്ക് മന്ത്രി വിതരണം ചെയ്തു. കൊടുമണ്‍ കൃഷി ഓഫീസിന്റെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച ഉമ, ജ്യോതി വിത്തുകള്‍ നെല്‍കര്‍ഷകര്‍ക്ക് മന്ത്രി സൗജന്യമായി വിതരണം ചെയ്തു. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ നിലം ഉഴുന്നതിനുള്ള ടില്ലര്‍ കാര്‍ഷിക കര്‍മ്മ സേനയ്ക്ക് മന്ത്രി കൈമാറി.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാപ്രഭ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമകുഞ്ഞ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. വിപിന്‍കുമാര്‍, എ.ജി. ശ്രീകുമാര്‍, എന്‍. വിജയന്‍ നായര്‍, കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.എന്‍. സലീം, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടറായ ലൂയിസ് മാത്യു, എലിസമ്പത്ത് തമ്പാന്‍, കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദില തുടങ്ങിയവര്‍ പങ്കെടുത്തു.