ഒഴുക്കില്‍പ്പെട്ട അമ്മയെയും കുഞ്ഞുങ്ങളെയും രക്ഷപെടുത്തി

കോന്നി: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട രണ്ടുകുട്ടികളെയും അമ്മയേയും രക്ഷിച്ച്‌ 53 കാരി. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ ഐരവണ്‍ മംഗലത്തുവീട്ടില്‍ ശാന്തകുമാരിയമ്മയാണ്‌ അപകടം കണ്ട്‌ ആറ്റിലേക്ക്‌ എടുത്തുചാടി രക്ഷകയായത്‌. ഐരവണ്‍ പെരുന്തോട്ടത്തില്‍ രാജേഷിന്റെ ഭാര്യ ശ്രീജ(39), രാജേഷിന്റെ അനുജന്‍ രതീഷിന്റെ മകന്‍ കാര്‍ത്തിക്‌ (12) സഹോദരി രജനിയുടെ മകന്‍ തേജസ്‌(13) എന്നിവരാണ്‌ ഒഴുക്കില്‍ പെട്ടത്‌.

കുട്ടികള്‍ ആറ്റില്‍ വെളളത്തില്‍ കുളിക്കുന്നതിനിടെ കാര്‍ത്തികാണ്‌ ആദ്യം ഒഴുക്കില്‍ പെട്ടത്‌. ഈ സമയം തൊഴിലുറപ്പുജോലി കഴിഞ്ഞ്‌ കടവില്‍ കുളിക്കാനെത്തിയ ശാന്തകുമാരിയമ്മ ആറ്റിലേക്ക് ചാടി കാര്‍ത്തികിനെ രക്ഷപെടുത്തി കരക്കെത്തിക്കുന്നതിനിടെ തേജസും,തേജസിനെ രക്ഷിക്കാന്‍ ശ്രമിച്ച ശ്രീജയും ഒഴുക്കില്‍ പെടുകയായിരുന്നു. കാര്‍ത്തികിനെ അടിയൊഴുക്കുളള ആറ്റില്‍ നീന്തി കരക്കെത്തിച്ച ശേഷം വീണ്ടും നീന്തിയാണ്‌ ശ്രീജയേയും തേജസിനേയും രക്ഷപെടുത്തിയത്‌.

53 കാരിയുടെ ധീരകൃത്യം സമൂഹമാധ്യമങ്ങളിടക്കം ചര്‍ച്ചയായതിനെ തുടര്‍ന്ന്‌ നിരവധിപേരാണ്‌ ശാന്തകുമാരിക്ക്‌ അഭിനന്ദനവുമായി എത്തിയത്‌. അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശാന്തകുമാരിയമ്മയെ ആദരിച്ചു.”എന്റെ ജീവന്‍ പോകുന്നെങ്കില്‍ പോകട്ടെ,എനിക്കിത്രയും പ്രായമില്ലെ, അവര്‍ ചെറുപ്പമല്ലേ,അവരെ രക്ഷിക്കണമെന്നേ എനിക്കുണ്ടായിരുന്നുളളു. ശാന്തകുമാരിയമ്മ പറഞ്ഞു.

അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് മണിയമ്മ രാമ ചന്ദ്രന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജിസജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്‌മ മറിയം റോയി തുടങ്ങിയവര്‍ ശാന്തകുമാരിയമ്മയെ വീട്ടിലെത്തി ആദരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →