കോഴിക്കോട്: നഗരഹൃദയത്തിലൂടെ ആറുവരിപ്പാത വരുമ്പോൾ ആവശ്യമായ യൂട്ടിലിറ്റി നെറ്റ് വർക്കുകൾ (സേവന ശൃംഖല ) ഭാവി വികസനം മുന്നിൽകണ്ട് ഭൂവിവരവിനിമയ സാങ്കേതികവിദ്യ -ജിഐഎസ് പ്രയോജനപ്പെടുത്തി ആസൂത്രണം ചെയ്യാൻ കോഴിക്കോട് സൈബർ പാർക്കിൽ സംയുക്ത യോഗം ചേർന്നു. ശുദ്ധജലം, വൈദ്യുതി, ടെലിഫോൺ, ഇൻറർനെറ്റ്,കേബിൾ ടിവി, സിസിടിവി, സംസ്ഥാന സർക്കാരിന്റെ കെ ഫോൺ തുടങ്ങിയ സേവന ശൃംഖല കൾക്കായി ദേശീയപാത വികസിപ്പിക്കുമ്പോൾ പ്രത്യേക “ബാക്ക് ബോൺ ഡക്ട്” പണിതാൽ എല്ലാ സേവന ശൃംഖലകളുടെയും ക്രമീകരണങ്ങളും നിർമ്മാണവും എളുപ്പത്തിൽ സാധിക്കും. നിർമാണം പൂർത്തിയാക്കിയ ശേഷം ഇവ നിർമ്മിക്കുന്നത് ദുഷ്‌കരവും ചെലവേറിയതും ആണ്.
അതിനാൽ ഇതിനായി നഗരസഭ യുഎൽ സി സി സൈബർ പാർക്കിന്റെ സഹായത്തോടെ വിളിച്ചുചേർത്ത യോഗത്തിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു, വൈസ് ചെയർമാൻ പി.കെ സതീശൻ,എൻ. എച്ച് എ.ഐ എൻജിനീയർ മുഹമ്മദ് ഷെഫീൻ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിബിൻഘോഷ്,വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.രവീന്ദ്രൻ,വിദഗ്‌ധ സാങ്കേതിക പൗരസമിതി കൂട്ടായ്മ കൺവീനർ മണലിൽ മോഹനൻ, പിഡബ്ല്യുഡി മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ. കെ. വിജയൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വേണുഗോപാൽ, നഗരസഭ അസിസ്റ്റന്റ് എൻജിനീയർ എസ്.ജിതിൻ നാഥ്, അഡ്വക്കേറ്റ് കെ.വി. ശശിധരൻ തുടങ്ങിയവർ സൈബർ പാർക്കിലും മറ്റ് സാങ്കേതിക സമിതി അംഗങ്ങൾ ഓൺലൈനായും പങ്കെടുത്തു. സൈബർപാർക്ക് വൈസ് പ്രസിഡണ്ട് യു. ഹേമലത ആമുഖ അവതരണവും ടെക്നോളജി ഹെഡ് ജെയ്ക്ക് ജേക്കബ് വടകര മുനിസിപ്പാലിറ്റി ക്കായി വികസിപ്പിച്ച ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റത്തിന്റെ അവതരണവും നടത്തി. ശൗര്യചക്ര അവാർഡ് ജേതാവും വിംഗ് കമാൻഡറുമായിരുന്ന രവീന്ദ്രൻ പുത്തലത്ത്, ദോഹ ജി.ഐ.സി മുൻ കൺസൾട്ടിംഗ് എഞ്ചിനീയർ എം.എ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.