മുൻ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളുരു: മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. 13/09/21 തിങ്കളാഴ്ച മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ ജൂലൈയില്‍ സ്വന്തം വസതിയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു നടന്ന ശസ്ത്രക്രിയയ്ക്കു പിറകെ ബോധം നഷ്ടപ്പെട്ട അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരമായ നിലയില്‍ കഴിയുകയായിരുന്നു.

1980 മുതല്‍ 1996 വരെ ഉഡുപ്പി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി അഞ്ചുതവണ വിജയിച്ച് റെക്കോര്‍ഡിട്ടിരുന്നു ഫെര്‍ണാണ്ടസ്. ആദ്യ യുപിഎ സര്‍ക്കാരില്‍ ഗതാഗത, ഹൈവേ മന്ത്രിയായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അദ്ദേഹം പാര്‍ട്ടിയിലെ നിരവധി പ്രശ്‌നങ്ങളില്‍ ‘ട്രബിള്‍ഷൂട്ടറാ’യും സജീവമായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.

1941 മാര്‍ച്ച് 27ന് ജനിച്ച ഫെര്‍ണാണ്ടസ് 1972ല്‍ ഉഡുപ്പി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായാണ് രാഷ്ട്രീയ കരിയറിന് തുടക്കമിട്ടത്. 1980ല്‍ ഉഡുപ്പി മണ്ഡലത്തില്‍ ഡോ. വിഎസ് ആചാര്യയെ തോല്‍പിച്ചായിരുന്നു ലോക്‌സഭയിലെത്തിയത്. 1984ല്‍ ബിജെപിയുടെ കെഎസ് ഹെഗ്‌ഡെയെ 62 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയും റെക്കോര്‍ഡിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →